രാമപുരം : ഭക്തജനങ്ങളെ മകരവിളക്ക് തത്സമയം കാണിക്കാതെ ഉപയോക്താക്കൾക്ക് രാമപുരം കെ.എസ്. ഇ .ബി. വക ഇരുട്ടടി. ഇന്നലെ വൈകിട്ട് 5.50ന് നിലച്ച വൈദ്യുതി വിതരണം ടി.വി.യിൽ മകരവിളക്കിന്റെ തത്സമയ സംപ്രേഷണം കഴിഞ്ഞ ഉടൻ പുന:സ്ഥാപിച്ചു. 10 മിനിട്ടിനകം വീണ്ടും പോയ കറൻറ് പിന്നെ വന്നത് ഒന്നര മണിക്കൂറിനു ശേഷം ! രാമപുരത്ത് തുടർച്ചയായി വൈദ്യുതി നിലച്ചപ്പോൾ ബന്ധപ്പെട്ട അസി. എഞ്ചിനീയർ , വൈദ്യുതി വിതരണം 'കാര്യക്ഷമമാക്കുന്നതിനായി " പാലായിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വിളിച്ചു ചേർത്ത മീറ്റിംഗിലായിരുന്നൂ എന്നതാണ് വിചിത്രമായ കാര്യം. അതു കൊണ്ട് തന്നെ കറന്റ് പോയ കാര്യം പറയാൻ ഉപയോക്താക്കൾ പലവട്ടം വിളിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്യാൻ പോലും അസി. എഞ്ചിനീയർക്ക് കഴിഞ്ഞുമില്ല.
കറന്റ് പോയ ഉടൻ ജനങ്ങൾ രാമപുരം കെ.എസ്. ഇ .ബി. ഓഫീസിൽ വിളിച്ചിരുന്നു. ഫീഡർ ചെയ്ഞ്ച് ചെയ്യാൻ ഓഫ് ആക്കിയതാണ് അഞ്ചു മിനുട്ടിനുള്ളിൽ കറന്റ് വരുമെന്നായിരുന്നൂ മറുപടി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കറന്റ് കിട്ടാതെ വന്നതോടെ രാമപുരം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറോടും, പിന്നീട് പാലാ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോടും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് അര മണിക്കൂറിന്നു ശേഷം കറന്റ് വന്നെങ്കിലും 10 മിനുട്ടിനകം വീണ്ടും പോയി. ഇതോടെ കെ. എസ്. ഇ .ബി. സൗത്ത് സോൺ എഞ്ചിനീയറെ വിളിച്ച് ഉപയോക്താക്കൾ പരാതിപ്പെട്ടു. മകരവിളക്ക് സമയത്ത് തന്നെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് സംബന്ധിച്ച് ഉടൻ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായതായി ബോധ്യപ്പെട്ടാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേലുദ്യോഗസ്ഥരെല്ലാം വനിതകൾ; അനാസ്ഥയുമായി കീഴുദ്യോഗസ്ഥർ
പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയറും, രാമപുരം അസി. എക്സിക്യൂട്ടീവ് എൻജിനീയറും, അസി. എൻജിനീയറും വനിതകൾ. അതു കൊണ്ടു തന്നെ ഇവരെ അനുസരിക്കുന്നതിൽ ചുരുക്കം ചില ജീവനക്കാരെങ്കിലും അലംഭാവം കാണിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. മകരവിളക്കിന്റെ സമയത്തു തന്നെ വൈദ്യുതി വിതരണം മുടക്കിയതിനു പിന്നിൽ വകുപ്പിനെതിരെ ജന രോഷമുയർത്തുന്നതിനുള്ള ചിലരുടെ കളികളാണെന്നും ആക്ഷേപമുണ്ട്. എന്തുകൊണ്ടാണ് തുടരെ കറന്റ് പോകുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാൻ പോലും കഴിയാത്ത നിസ്സഹായവസ്ഥയിലാണ് സെക്ഷൻ അധികാരികൾ എന്നതാണ് വസ്തുത.
ലൈനിലെ ഒരു പ്രധാന തകരാർ കാരണമാണ് മകരവിളക്ക് സമയത്ത് കറന്റ് ഓഫ് ചെയ്തത്. രണ്ടാമത് കറന്റ് പോയത് താൻ അറിഞ്ഞിരുന്നില്ല -- അസി. എഞ്ചിനീയർ,രാമപുരം
ഇന്നലെ വൈകിട്ട് 5.50ന് നിലച്ച വൈദ്യുതി വിതരണം ടി.വി.യിൽ മകരവിളക്കിന്റെ തത്സമയ സംപ്രേഷണം കഴിഞ്ഞ ഉടൻ പുന:സ്ഥാപിച്ചു. 10 മിനിട്ടിനകം വീണ്ടും പോയ കറൻറ് പിന്നെ വന്നത് ഒന്നര മണിക്കൂറിനു ശേഷം ! ഒരു ഇളം കാറ്റ് പോലും വീശാതിരുന്നപ്പോഴായിരുന്നൂ വൈദ്യുതിയുടെ ഈ ഒളിച്ചുകളി.