vellappally

കോട്ടയം: മഹാകവി കുമാരനാശാൻ രചിച്ച 'ഗുരുസ്തവം' പ്രാർത്ഥനാഗീതം ആലാപന മാധുര്യത്താൽ വശ്യമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫിദ ഫാത്തിമയെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.

ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന സമിതി വൈക്കം ആശ്രമം സ്കൂളിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരെ പ്രാർത്ഥനാഗീതത്തിലൂടെ ഫിദ രോമാഞ്ചം കൊള്ളിക്കുകയായിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ഉദ്ഘാടകൻ. സവിശേഷമായ ആലാപനഭംഗിയിലൂടെ ഗുരുസ്തവത്തിന് പുതിയൊരു മാനം പകർന്നു നൽകുകയായിരുന്നു ഫിദ. ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ പ്രിൻസിപ്പൽ പി.ആർ. ബിജിയുടെ പ്രോത്സാഹനത്തിലാണ് ഫിദ ഗുരുസ്തവം ചൊല്ലിപ്പഠിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ഷഷ്ഠിപൂർത്തി ആഘോഷവേളയിൽ വത്സലശിഷ്യൻ മഹാകവി കുമാരനാശാൻ പാദകാണിക്കയായി എഴുതി സമർപ്പിച്ച കാവ്യോപഹാരമാണ് ഗുരുസ്തവം.