കോട്ടയം: വീട്ടിൽ ഉറങ്ങിക്കിടന്ന മധ്യവയസ്കനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. മണിമല സ്വദേശി അനൂപ് എസ്.നായരാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എരുമേലി കനകപ്പലം ശ്രീനിപുരം വളവനാട് വീട്ടിൽ വിജയകുമാറിനെയാണ് (40) ഇന്നലെ പുലർച്ചെ ഒരു മണിക്ക് വിളിച്ചുണർത്തി കുത്തിക്കൊന്നത്. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ച് തിണ്ണയിൽ കിടന്ന വിജയകുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട വിജയകുമാർ ടിപ്പർ ഡ്രൈവറാണ്.

വിജയകുമാറിന്റെ വീടിന് സമീപമാണ് അനൂപിന്റെ ഭാര്യാവീട്. കഴിഞ്ഞദിവസം നിസാര കാര്യത്തെചൊല്ലി വിജയകുമാറും അനൂപുമായി വാക്കു തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിന് കാരണമെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ് എന്നും പൊലീസ് പറഞ്ഞു. മണിമല സ്റ്റേഷനിൽ മാത്രം അഞ്ചോളം കേസുകളുണ്ട്. പ്രതിയെക്കുറിച്ച് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു.

കത്തിയുമായി എത്തിയ അനൂപ് ഒരു മണിക്കൂറോളം വീടിനുസമീപം ഒളിച്ചിരിക്കുകയും വിജയകുമാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കതകിൽ മുട്ടിവിളിച്ച് അകത്തുകയറി കുത്തുകയുമായിരുന്നു. വിജയകുമാർ കുത്തേറ്റ് തിണ്ണയിൽ വീണു. മൂന്നു കുത്താണ് വിജയകുമാറിന് ഏറ്റത്. നെ‌ഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം.

എരുമേലി സി.ഐ മധു, എസ്.ഐ വിനോദ് എന്നിവർ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു. തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് നടക്കും. അമ്മ : മറിയക്കുട്ടി. ഭാര്യ: നിഷ. മക്കൾ: വിശാഖ്, വൈശാഖ്.