kallarkutty-dam

സർക്കാർ വേണ്ടെന്ന് വെക്കുന്നത് കോടികളുടെ മണൽ

അടിമാലി: ആവശ്യത്തിലേറെ മണൽ ഡാമുകളിൽ അടിഞ്ഞ്കൂടിയിട്ടും അത് വേണ്ടവിധം വിനിയോഗിക്കാനാകുന്നില്ല.ജില്ലയിലെ വിവിധ ജലസംഭരണികളിൽ കോടിക്കണക്കിന് രൂപയുടെ മണലാണ് അടിഞ്ഞ് കിടക്കുന്നത്.2018ലെ പ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയ തോതിൽ മണൽ ഒഴുകിയെത്തി.പക്ഷെ സംഭരണികളിൽ നിന്നും മണൽ വാരുന്നത് സംബന്ധിച്ച നടപടികൾ ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. എട്ടുവർഷംമുമ്പ് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് നേരിട്ടെത്തി കല്ലാർകുട്ടിയും ലോവർ പെരിയാറുമുൾപ്പെടെയുള്ള അണക്കെട്ടുകളിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ മണൽ വാരുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിരുന്നു.അന്ന് ഇപ്പോഴുള്ളതിന്റെ പകുതിപോലും മണൽ ഡാമുകളിൽ അടിഞ്ഞ്കൂടിയിട്ടുമുണ്ടായിരുന്നില്ല.പിന്നീട്നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് കമ്പനിക്ക് മണൽ വാരുന്നതിന് കരാർ നൽകിയെങ്കിലും നടപടികൾ മുന്നോട്ട് നീങ്ങിയില്ല..

മണൽ ഉൾപ്പെടെയുള്ള നിർമ്മാണവസ്തുക്കളുടെ ലഭ്യത കുറവ് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.തമിഴ്‌നാട്ടിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമാണ് നിർമ്മാണത്തിന് വേണ്ടുന്ന മണൽ എത്തിക്കുന്നത്.മണലിന് പകരം എംസാന്റാണ് വ്യാപകമായി ഉപയോഗിച്ച്പോരുന്നത്. വൻ തോതിൽ മണൽ അടിഞ്ഞതോടെ ജലസംഭരണികളുടെ സംഭരണശേഷിയിലും കാര്യമായ കുറവ് സംഭവിച്ചു. മണൽവാരൽ അവസാനിച്ചതോടെ കല്ലാർകുട്ടി അണക്കെട്ടിലെ കടവുകളിൽ മാത്രം മണൽവാരി ഉപജീവനം നയിച്ചിരുന്ന 500ലധികം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.സർക്കാരിലേക്ക് വൻ തുക ലഭിക്കുകയും നിർമ്മാണമേഖലയിൽ പുത്തനുണർവ്വ് സൃഷ്ടിക്കാൻ ഉതകുന്ന ജലസംഭരണികളിലെ മണൽ നീക്കംചെയ്യലിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് അനന്തമായി നീളുകയാണ്.