അടിമാലി:ജോലിക്ക് കൂലി കിട്ടാതെ തൊഴിലുറപ്പ് തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിൽ ഇതോടെ .ആദിവാസികളടക്കമുള്ള തൊഴിലാളി കുടുംബങ്ങളെ കുടുംബങ്ങളെ ദുരിതത്തിലാക്കി.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കാണ് ഏഴ് മാസമായി കൂലി മുടങ്ങിയിരിക്കുകയാണ്.
ജില്ലയിലെ 52 ഗ്രാമ പഞ്ചയത്തുകളിലായി 83 കോടി രൂപയാണ് കുടിശികയായി കിടക്കുന്നത്.പണം ലഭിക്കാതായതോടെ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് ജോലി മുടങ്ങി.പലയിടത്തും വേതനം ആവശ്യപ്പെട്ട് തൊഴിലാളികൾ സമരംഗത്താണ്.തൊഴിൽ നടക്കുന്ന മേഖലയിൽ തൊഴിലാളികളുടെ എണ്ണവും വളരെ കുറഞ്ഞു.സർക്കാർ പദ്ധതിയായതിനാൽ കൂലി ഒന്നോ രണ്ടോ മാസം മുടങ്ങിയാലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ തൊഴിലാളികൾ തള്ളിനീക്കിയത്.എന്നാൽ ജൂൺ മാസത്തിന് ശേഷം പണം ലഭ്യമായിട്ടില്ല.കേന്ദ്ര സർക്കാരിൽ നിന്നും പണം ലഭിക്കാത്തതാണ് പ്രശ്‌നം.ചില പഞ്ചായത്തുകളിൽ 4 കോടി വരെ കുടിശിക ഉണ്ട്.സംസ്ഥാനത്ത് ആദിവാസികളും പിന്നാക്ക ജനവിഭാഗങ്ങളും ഏറ്റവും കുടുതലുളള ജില്ല ഇടുക്കിയാണ്.ആദിവാസികകളും വയോധികരും തൊഴിലുറപ്പ് ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. ഭർത്താവും ഭാര്യയും ഒരുമിച്ചാണ് തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കായി പോയിരുന്നത്. കൂലിയില്ലാതായതോടെ വരുമാന മാർഗം പൂർണമായും നിലച്ച അവസ്ഥയാണ്. റേഷൻ സൗജന്യമായി ലഭിക്കുന്നത് കൊണ്ട് മാത്രമാണ് പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നതെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. ഓണത്തിന് കൂലി ലഭിക്കുമെന്നായിരുന്നു തൊഴിലാളികൾ ആദ്യം പ്രതീക്ഷിച്ചിരുന്നത്. പിന്നീട് ക്രിസ്മസിനെങ്കിലും കിട്ടുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെ ദൈനംദിന ചെലവിനും മറ്റും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ.
ജില്ലയിൽ197022
തൊഴിലാളികൾ
എസ്.സി വിഭാഗത്തിൽ 22386 ,എസ്.ടി വിഭാഗത്തിൽ 15675,ജനറൽ വിഭാഗത്തിൽ 158961 ഉൽപ്പെടെ197022 തൊഴിലാളികളാണ് ജോലിയെടുക്കുന്നത്.ആദിവാസികൾ മാത്രമുളള ഇടമലകുടിയിൽ 4325160 രൂപയും ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിൽ 17129655 രൂപയും ആദിവാസി ജനസംഖ്യ കൂടുതലുളള അടിമാലിയിൽ 33084372 രൂപയും,മാങ്കുളത്ത് 14810411 രൂപയും മറയൂരിൽ 28004987 നൽകാനുണ്ട്.
ഒരു കുടുംബത്തിൽനിന്ന് രണ്ടോ മൂന്നോ പേർ സ്ഥിരമായി തൊഴിലുറപ്പ് പദ്ധതിയ്ക്ക് പോകുന്നവരാണ്.വർഷം കുടുംബത്തിൽ കുറഞ്ഞത് 100 തൊഴിൽ നൽകിയിരുന്നു. ജൂലായിലെ കൂലിയാണ് അവസാനമായി കിട്ടിയത്.അത് ഓഗസ്റ്റിലാണ് വിതരണം ചെയ്തത്. അതാകട്ടെ മുഴുവൻ തൊഴിലാളികൾക്കും വിതരണം ചെയ്യാനായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
271 രൂപ ദിവസക്കൂലി നിരക്കിൽ കിട്ടിയിരുന്നതായിരുന്നു പല കുടുംബങ്ങളുടെയും ഏക വരുമാന മാർഗം.