കോട്ടയം: പ്രളയദുരിതം കഴിഞ്ഞ് 5 മാസം പിന്നിട്ടിട്ടും ജില്ലയിൽ നഷ്ടപരിഹാര വിതരണം പൂർണമായില്ല. ആഗസ്റ്റിലെ പ്രളയത്തിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയത് റവന്യൂ വകുപ്പാണ്. 20 ശതമാനം ആളുകൾക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ട്.

പ്രളയ നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. സഹായ വിതരണത്തിന് ഇത്തവണ കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തിയതിനാൽ നടപടികളെല്ലാം ഉദ്യോഗസ്ഥരുടെ തലയ്ക്ക് മുകളിലൂടെയാണ്. അപേക്ഷകളിൽ ലാൻഡ് റവന്യൂ കമ്മിഷണർ ഓഫീസ് പരിശോധന നടത്തും. തുടർന്ന് അർഹരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ധനവകുപ്പ് പണം നിക്ഷേപിക്കും. ഒക്ടോബറിൽ സർവേ പൂർത്തിയാക്കി സമർപ്പിച്ച നാശനഷ്ടക്കേസുകളിൽ ഇനിയും പരിശോധന നടക്കാനുണ്ട്. പരിശോധന കഴിഞ്ഞവയിൽ നഷ്ട പരിഹാരം വിതരണം ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്.

 പട്ടികയുണ്ട്, ഒറിജിനലല്ല!

നഷ്ടപരിഹാര പട്ടികയിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പഞ്ചായത്ത്, താലൂക്ക് ഓഫീസുകളിലെത്തുന്നവരെ അനൗദ്യോഗിക പട്ടിക കാട്ടിയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ ആശ്വസിപ്പിക്കുന്നത്. 3 മാസം മുൻപ് പ്രളയ വിവരശേഖരണത്തിന് തയാറാക്കിയ പട്ടിക മാത്രമാണത്. ലാൻഡ് റവന്യൂ കമ്മിഷണർ ഓഫീസിന്റെ അന്തിമ പരശോധനയിൽ നഷ്ടപരിഹാരത്തുകയിൽ മാറ്റം വന്നേക്കും. പ്രളയ നഷ്ടം കണക്കാക്കിയതുമായി ബന്ധപ്പെട്ട പരാതികൾ റവന്യൂ വകുപ്പിന് സമർപ്പിക്കാൻ കഴിഞ്ഞവർഷം ഗുണഭോക്താക്കൾക്ക് 3 തവണ അവസരം നൽകിയിരുന്നു. പക്ഷേ, ഇത്തവണ അപ്പീൽ നൽകുന്നതിനെക്കുറിച്ച് അറിയിപ്പും ലഭിച്ചിട്ടില്ല.

ദുരിതാശ്വാസ വിതരണം 3 ഘട്ടമായി

1ദുരിത ബാധിതർക്ക് 10,000 രൂപയുടെ അടിയന്തര സഹായം​

2പ്രളയത്തെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം

3 വീടിനും സ്വത്തിനും നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം

അർഹർ - 31,​011

ലഭിച്ചത്- 27,​491

പ്രളയദുരിതാശ്വാസ വിതരണം പൂർത്തിയാക്കാത്തതിന് ഒരു ന്യായീകരണവുമില്ല. ജനകീയ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ എത്ര മാത്രം പരാജയമാണെന്നതിന്റെ തെളിവാണിത്.

പി. കെ. കുഞ്ഞപ്പൻ, കുമാരനല്ലൂർ