vachal-nirmanam

വൈക്കം : തലയാഴം പഞ്ചായത്തിലെ വട്ടക്കരി പാടശേഖരത്ത് നെൽകൃഷിക്കൊപ്പം ഇനി പച്ചക്കറികൃഷിയും വിളയും. കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ജലസേചന സൗകര്യം ഒരുക്കിയതോടെ രണ്ട് കൃഷിക്ക് അനുകൂല സാഹചര്യമായി. കരിയാ​റ്റിൽ നിന്നും ശുദ്ധജലം വല്ലയിൽ തോട്ടിലൂടെ പാടശേഖരങ്ങളിലേക്ക് എത്തിക്കുവാനുള്ള നവീകരണ ജോലികൾ അവസാന ഘട്ടത്തിലാണ്. ചാൽ വഴി വരുന്ന ജലം വിവിധ പാടശേഖരങ്ങളിലേക്ക് എത്തിക്കുവാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജല സൗകര്യം കിട്ടുന്നതോടെ വ്യാപകമായ പച്ചക്കറികൃഷി തുടങ്ങും. വർഷകൃഷി വിളവെടുത്ത് കഴിഞ്ഞാൽ 57 ഏക്കറിൽ പച്ചക്കറികൃഷി ചെയ്യാനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ചാൽ നിർമ്മിക്കുന്നത്.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ. കെ. രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. രെജിമോൻ, മെമ്പർമാരായ ജൽജി വർഗ്ഗീസ്, പി. എസ്. പുഷ്‌കരൻ, സന്ധ്യ അനീഷ്, എൻ. പി. ജ്യോതി, കൃഷി വകുപ്പ് അസ്സി. എഞ്ചിനീയർ മുഹമ്മദ് ഷെറീഫ്, പാടശേഖര സമിതി പ്രസിഡന്റ് ടി. ആർ. ബോധി, സെക്രട്ടറി വി. ദേവദാസ് എന്നിവർ പ്രസംഗിച്ചു.