ചങ്ങനാശേരി : ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ സമ്മേളനം 19,20,21 തീയതികളിൽ ചങ്ങനാശേരിയിൽ നടക്കും. 19ന് മൂന്നിന് പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ (പി.പി.ജോസ് നഗർ) പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിനം ജില്ലാ നേതൃത്വയോഗവും സാംസ്‌കാരിക സമ്മേളനവും നടക്കും.

20ന് വൈകിട്ട് നാലിന് പാലാത്ര ബൈപ്പാസ്സ് ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.പി.സി.സി. സെക്രട്ടറി പി.എസ്. രഘുറാം, യു.ഡി.എഫ്. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കുളങ്ങര, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ജെ. ജോസഫ്, മലയാലപ്പുഴ ജ്യോതിഷ് കുമാർ, സെക്രട്ടറിമാരായ സാബു പുതുപ്പറമ്പിൽ, എം.വി. മനോജ് തുടങ്ങിയവർ പങ്കെടുക്കും.

21ന് രാവിലെ 10 മണിക്ക് ചങ്ങനാശേരി മാർക്കറ്റ് അഞ്ചുവിളക്കിന് സമീപം ബാബു കരിമറ്റം നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വർക്കിംഗ് കമ്മറ്റി അംഗങ്ങളായ പി.പി. തോമസ്, പി.വി.പ്രസാദ്, എം.എൻ. ദിവാകരൻ നായർ, നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ കുളങ്ങര ഡി.സി.സി. ഭാരവാഹികൾ, ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.