ചങ്ങനാശേരി: വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പിഴയുടെ പേരില്‍ രസീത് നല്‍കാതെ പണം വാങ്ങിയ ചങ്ങനാശേരിയിലെ മുന്‍ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ക്കെതിരേ പൊലീസ് കേസ്. വൈക്കം സ്വദേശി പ്രീനു പുഷ്പനെതിരെയാണ് കേസെടുത്തത്. ഒന്നാം നമ്പര്‍ ബസ്റ്റാന്‍ഡിന് അടുത്തുള്ള ഒരു പെയിന്റ് കടയില്‍ നിന്ന് 10000 രൂപ, പൂച്ചിമുക്കിലുള്ള സ്പെയര്‍പാര്‍ട്സ് കടയില്‍ നിന്ന് 24000 രൂപ എന്നിങ്ങനെ വാങ്ങിയെന്ന പരാതിയിലാണ് കേസ്. ഈ ഉദ്യോഗസ്ഥന്‍ കോട്ടയത്തും സമാനമായ രീതിയില്‍ ക്രമക്കേട് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടു പുറത്തായത്.