കോട്ടയം: കാർഷിക കടങ്ങളുടെ മോറട്ടോറിയം ഒരുവർഷത്തേയ്ക്ക് കൂടി ദീർഘിപ്പിക്കണമെന്ന് കോട്ടയം ജില്ലാപഞ്ചായത്ത് സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കേരളത്തിൽ കാർഷിക രംഗത്ത് ഉല്പന്നങ്ങളുടെ അനിയന്ത്രിതമായ വില തകർച്ച, അതിരൂക്ഷമായ പ്രളയം എന്നിവ മൂലം കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസമാകുന്നതിന് കാർഷിക കടങ്ങൾക്ക് സംസ്ഥാന സർക്കാർ 2019-ൽ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 31-ന് മോറട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്കുകൾ കർഷകർക്കെതിരെ ജപ്തി നടപടികൾ സ്വീകരിച്ചു തുടങ്ങി. നാളിതുവരെ കാർഷികമേഖല പ്രതിസന്ധിയിൽ നിന്നും ഒരുവിധത്തിലും കരകയറാത്ത സാഹചര്യത്തിലാണ് നിലവിൽ ഉണ്ടായിരുന്ന കാർഷിക കടങ്ങളുടെ മോറട്ടോറിയം ഒരുവർഷത്തേയ്ക്ക് കൂടി ദീർഘിപ്പിക്കേണ്ടതെന്ന് പ്രമേയത്തിൽ പറയുന്നു.