എരുമേലി: വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മണിമല സ്വദേശി അനൂപ് എസ്. നായർ അറസ്റ്റിൽ. സംഭവത്തിനുശേഷം ബന്ധുവിന്റെ വീട്ടിലെത്തി വസ്ത്രം മാറി ഒളിവിൽ പോയ പ്രതിയെ ഇന്നലെ മണിമല ഭാഗത്ത് നിന്നാണ് പിടികൂടിയത്.
എരുമേലി കനകപ്പലം ശ്രീനിപുരം വളവനാട് വിജയകുമാറിനെയാണ് (40) അനൂപ് കുത്തിക്കൊന്നത്. വിജയകുമാറിന്റെ വീടിന് സമീപമാണ് അനൂപിന്റെ ഭാര്യവീട്. കഴിഞ്ഞദിവസം വിജയകുമാറും അനൂപുമായി വാക്കു തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിന് കാരണമെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ് എന്നും പൊലീസ് പറഞ്ഞു. മണിമല സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകളുണ്ട്.
കത്തിയുമായി എത്തിയ അനൂപ് ഒരു മണിക്കൂറോളം വീടിനുസമീപം ഒളിച്ചിരിക്കുകയും വിജയകുമാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കതകിൽ മുട്ടിവിളിച്ച് അകത്തുകയറി കുത്തുകയുമായിരുന്നു.