കോട്ടയം: ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതശരീരങ്ങൾ അടക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് നിലനിൽക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ വക്താവ് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓർഡിനൻസിന്റെ കരട് തയ്യാറാക്കിയപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കര സഭാതർക്കത്തെ തുടർന്ന് ഉണ്ടായ ചില പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു എന്നാണ്. ഈ ഓർഡിനൻസിനെ സഭ നിയമപരമായി നേരിടും. എന്നാൽ തെരുവിലിറങ്ങി യുദ്ധം ചെയ്യാൻ സഭ ആഹ്വാനം ചെയ്യുന്നില്ല. നിയമവും കോടതിവിധികളും എന്നും പാലിക്കുന്ന പാരമ്പര്യമാണ്‌ സഭയ്ക്കുള്ളത്.

ക്രൈസ്തവ സെമിത്തേരികളിൽ ആർക്കു വേണമെങ്കിലും, ആരെയും സംസ്‌കരിച്ച് എന്തുവേണമെങ്കിലും എഴുതി സർട്ടിഫിക്കറ്റ് ആക്കാമെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ഇത് സെമിത്തേരികളുടെ ഉപയോഗത്തിൽ അരാജകത്വം സൃഷ്ടിക്കും.
മലങ്കരസഭാ തർക്കത്തിൽ സുപ്രീംകോടതി അനുവദിച്ചുതന്ന അവകാശങ്ങളെ ഈ ഓർഡിനൻസ് ഹനിക്കുന്നു. ഒരു പള്ളിയിലെ ഭരണവും കർമ്മാനുഷ്ഠാനങ്ങളും നടത്തേണ്ടത് വികാരിയാണ്. അവിടെ സമാന്തര ഭരണമോ കൂദാശ അനുഷ്ഠാനമോ കോടതി അനുവദിച്ചിട്ടില്ല. ഈ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിന് കേരള സർക്കാർ സഹായിക്കുന്നില്ല എന്ന കാരണത്താൽ ഓർത്തഡോക്‌സ് സഭ നൽകിയിട്ടുള്ള കോടതി അലക്ഷ്യ ഹർജിയെ മറികടക്കുന്നതിനുവേണ്ടിയുള്ള ശ്രമം കൂടിയാണ് ഈ ഓർഡിനൻസ്.
ഇൻഡ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തെ ഈ പുതിയ നിയമം ഹനിക്കുന്നു. ഓർത്തഡോക്‌സ് സഭയുടെ സെമിത്തേരികൾ 1934 ലെ ഭരണഘടന അനുസരിക്കുന്ന ഇടവകാംഗങ്ങളുടെ ഉപയോഗത്തിനുള്ളതാണ്. അവിടെ ഇഷ്ടാനുസരണം ആർക്കും മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന നില സംജാതമാക്കുന്നതിലൂടെ ഓർത്തഡോക്‌സ് സഭയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ശ്രമിക്കുകയാണ് സർക്കാർ. പള്ളികളിൽ സമാന്തരഭരണം വീണ്ടും കൊണ്ടുവരുവാൻ സർക്കാർ ഒത്താശ ചെയ്തുകൊടുക്കുകയാണ്. ഇത് വിവേചനാപരമായ നടപടിയാണ്. നിയമപരമായി നിലനിൽപ്പില്ലാത്ത ഒരു വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുക്കുവാനുള്ള സർക്കാരിന്റെ ലക്ഷ്യം ഇതിൽ വ്യക്തമാണ്. ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട്, എം.ഒ.എസ്.സി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.