കോട്ടയം: പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ സൻസദ് ആദർശ് ഗ്രാം യോജന കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം ചേർന്നു. ബിനോയ് വിശ്വം എം.പിയാണ് പദ്ധതിയിൽ തലയാഴത്തെ ഉൾപ്പെടുത്തിയത്.

തലയാഴം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷയായിരുന്നു. ഗ്രാമത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മപദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചു. നിലവിലെ പദ്ധതികളുടെ കാര്യക്ഷമമായ നിർവഹണവും പ്രാദേശിക സാധ്യതകൾ പരിഗണിച്ചു രൂപം നൽകുന്ന പുതിയ കർമ്മ പരിപാടികളും മുഖേന തലയാഴത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇതിനായി വിഭാവനം ചെയ്യുന്ന പദ്ധതികളുടെ ആദ്യ ഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തികരിക്കാൻ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ കർമ്മ പദ്ധതികൾ ക്രോഡീകരിച്ച് വില്ലേജ് ഡവലപ്‌മെന്റ് പ്ലാൻ തയ്യാറാക്കുന്നതിന് വൈക്കം ബി.ഡി.ഒയെ ചുമതലപ്പെടുത്തി.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സുഗതൻ, കെ.കെ. രഞ്ജിത്ത്, സൻസദ് ആദർശ് ഗ്രാം യോജന ചാർജ് ഓഫീസർ സഫിയ ബീവി, ബി.ഡി.ഒ എസ്. ഹേമ, ദാരിദ്ര ലഘൂകരണ വിഭാഗം എ.എസ.ഒ കെ.ശ്രീകുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.