വൈക്കം: 'വയസുകാലത്ത് അടച്ചുറപ്പുള്ള വീട്ടിൽ കഴിയാനാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ലൈഫ് പദ്ധതിയിലൂടെ അതും നടന്നു", 80 വയസുകാരി ലക്ഷ്മിക്കുട്ടിയമ്മയുടെ വാക്കുകളിൽ സന്തോഷം തുളുമ്പുന്നു. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ മുണ്ടക്കൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ ഭർത്താവ് മരിച്ച ശേഷം 15 വർഷമായി ഒറ്റയ്ക്കാണ് താമസം. ഏതു നിമിഷവും താഴെ വീഴാവുന്ന നിലയിലായിരുന്നു പഴയ വീട്. ക്ഷേമപെൻഷൻ മാത്രമാണ് ഏക വരുമാനം.

ലക്ഷ്മിക്കുട്ടിയമ്മ ഉൾപ്പെടെ 141 കുടുംബങ്ങൾക്കാണ് ചെമ്പ് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനിലൂടെ സുരക്ഷിത ഭവനങ്ങൾ ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 വീടുകളുടെയും രണ്ടാം ഘട്ടത്തിൽ 107 വീടുകളുടെയും നിർമാണം പൂർത്തിയായി. പി എം.എ.വൈ പദ്ധതി പ്രകാരം ഒൻപത് വീടുകളാണ് പൂർത്തിയായത്.

ചെമ്പ് ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനം 18ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി നിർവഹിക്കും. വൈകിട്ട് 4ന് മുറിഞ്ഞപുഴ ഫിഷ് ലാൻഡിംഗ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ സി. കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.