കോട്ടയം: ടെക്‌സ് റ്റൈൽ ഷോപ്പിലെ പാർട്ട്ണർഷിപ്പിന്റെ പേരിൽ കുമാരനല്ലൂർ സ്വദേശിനി ലൈലയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത ഉദുമ ഉപ്പള ഷെഫീഖ് മൻസിലിൽ മജീദിനെ (46) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജ് ഭാഗത്തെ ഹോട്ടൽ വിറ്റു കിട്ടിയ ഒരു കോടി രൂപ ലൈലയുടെ കൈവശമുണ്ടായിരുന്നു. ഇതു മനസിലാക്കിയ മജീദും സഹോദരൻ ഫിർദൗസും ഭാര്യ സൗമ്യയും ലൈലയെയും മകൻ ആഷിയെയും പാർട്ട്ണർമാരാക്കി മാന്നാനത്ത് പുത്തൂർക്കാടൻ ടെക്‌സ്റ്റൈൽസ് ആരംഭിച്ചു. പല തവണയായി പന്ത്രണ്ടു ലക്ഷത്തോളം രൂപ ഫിർദൗസും ഭാര്യയും ചേർന്നു ലൈലയിൽ നിന്നും വാങ്ങിയെടുത്തിരുന്നു. ഇത് കൂടാതെ 28 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ വിവിധ കമ്പനികളിൽ നിന്നും എത്തിച്ചു. എന്നാൽ വൈകാതെ ഈ തുണിത്തരങ്ങൾ മജീദിന്റെ കാസർകോട്ടുള്ള ഫാഷൻ ക്ലബ് എന്ന ടെക്‌സ്റ്റൈൽ ഷോപ്പിലേയ്ക്കു മാറ്റി. സാധനങ്ങൾ വിറ്റ പണം കാണാതെ വന്നതോടെയാണ് ലൈല പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കെട്ടിക്കിടക്കുന്ന കേസുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഗാന്ധിഗനർ സ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ തോമസ്, എ.എസ്.ഐ സജി എം.പി എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കാസർകോടു നിന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.