ചങ്ങനാശേരി: വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പിഴയുടെ പേരിൽ രസീത് നൽകാതെ പണം വാങ്ങിയ ചങ്ങനാശേരിയിലെ മുൻ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർക്കെതിരേ പൊലീസ് കേസ്. വൈക്കം സ്വദേശി പ്രീനു പുഷ്പനെതിരെയാണ് കേസെടുത്തത്. ഒന്നാം നമ്പർ ബസ്റ്റാൻഡിന് അടുത്തുള്ള ഒരു പെയിന്റ് കടയിൽ നിന്ന് 10000 രൂപ, പൂച്ചിമുക്കിലുള്ള സ്‌പെയർപാർട്‌സ് കടയിൽ നിന്ന് 24000 രൂപ എന്നിങ്ങനെ വാങ്ങിയെന്ന പരാതിയിലാണ് കേസ്. ഈ ഉദ്യോഗസ്ഥൻ കോട്ടയത്തും സമാനമായ രീതിയിൽ ക്രമക്കേട് നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടു പുറത്തായത്.