കോട്ടയം : വഴിത്തർക്കം പരിഹരിക്കാൻ എത്തിയ എ.എസ്.ഐയ്‌ക്കു നേരെ ഗുണ്ടാ ആക്രമണം. വാകത്താനം സ്റ്റേഷനിലെ എ.എസ്.ഐ ജോൺസൺ ആന്റണിയ്‌ക്കു നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേരെ പൊലീസ് കസ്റ്രഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ തോട്ടയ്ക്കാട് കൺട്രാമറ്റത്തായിരുന്നു സംഭവം. കൺട്രാമറ്റത്ത് വാഴയിൽ അലക്‌സിന്റെ വീട്ടിൽ വഴിത്തർക്കത്തെ തുടർന്നു ഗുണ്ടാ ആക്രമണം നടക്കുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എ.എസ്.ഐ ജോൺസൺ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തിയതോടെ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം ആക്രമണം പൊലീസിനു നേരെയാക്കി. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ എ.എസ്.ഐ ജോൺസൺ ആന്റണി നിലത്തു വീണു. വീണു കിടന്ന ജോൺസണിനെ അക്രമി സംഘം ചവിട്ടി. ചവിട്ടേറ്റ് ജോൺസണിന്റെ മുട്ടിന് പരിക്കേൽക്കുകയും, ലിഗ്മെന്റ് തകരാറിലാകുകയും ചെയ്‌തു. ഓടിരക്ഷപെടാൻ ശ്രമിച്ച ആറംഗ ഗുണ്ടാ സംഘത്തിൽ രണ്ടു പേരെ പൊലീസ് പിടികൂടി.വീട്ടുടമയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സ തേടി. വീട് ആക്രമിച്ചതിനും, പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും, പൊലീസുകാരനെ ആക്രമിച്ചതിനും ഗുണ്ടാ സംഘത്തിനെതിരെ കേസെടുത്തു.