പാലാ: പൊന്നുമോളുടെ നീറുന്ന ഓർമ്മകൾക്കുമേലെ ചാർത്താൻ കാരുണ്യത്തിന്റെ അഞ്ചു വരണമാല്യങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് ഈ അച്ഛനും അമ്മയും. കടയം കൊണ്ടൂപ്പറമ്പിൽ വീട്ടിലെ അനിൽകുമാർ-ഷീജ ദമ്പതികളുടെ മൂത്ത മകൾ പാർവതിയുടെ വിവാഹം ഫെബ്രുവരി 8 നാണ്. അന്ന് ദരിദ്രകുടുംബത്തിലെ അഞ്ച് പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങൾക്കുകൂടി വേദിയൊരുങ്ങും.
രണ്ടു വർഷം മുമ്പാണ് ഇളയ മകൾ അശ്വതിയുടെ ജീവിതം ഓർമ്മയായത്. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ പൊൻകുന്നം റോഡിലൂടെ പാഞ്ഞെത്തിയ ഓട്ടോ വീടിനു മുന്നിൽവച്ച് അശ്വതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ അശ്വതി പിടഞ്ഞുമരിച്ചു. 2018 ഏപ്രിൽ 21ന് രാവിലെ പത്തരയോടെയായിരുന്നു ഉറ്റവരെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.
ഇക്കാലമത്രയും ആ വേർപാടിൽ മനസുരുകി കഴിയുകയായിരുന്നു അനിലും ഷീജയും ചേച്ചി പാർവതിയും. ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയായ പാർവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഒരു തീരുമാനമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം തടസപ്പെട്ട അഞ്ച് പെൺകുട്ടികളെ അതേ വേദിയിൽ മിന്നു ചാർത്തിക്കുക. നിത്യതയിലേക്കു പോയ അശ്വതിയുടെ ഓർമ്മകൾക്ക് ചാർത്താവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്ന് ഈ കുടുംബം കരുതുന്നു. പാർവതിയുടെ പ്രതിശ്രുത വരൻ കൃഷ്ണ മോഹനനും കുടുംബത്തിനും ഇക്കാര്യത്തിൽ നൂറു സമ്മതം.
അത്യാവശ്യം സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങൾ മുതൽ ചെരുപ്പു വരെയും വാങ്ങിനൽകാനാണ് തീരുമാനം. യുവതികളെ തിരഞ്ഞെടുത്തു. മുത്തോലിയിലെ ഓഡിറ്റോറിയത്തിൽ പാർവതിയുടെ വിവാഹത്തിനൊപ്പം സമൂഹ വിവാഹവും നടക്കും. വധൂവരന്മാർക്ക് ആശംസകളുമായി മാണി സി. കാപ്പൻ, ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ, വിവിധ രാഷ്ട്രീയ സമുദായ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.