കോട്ടയം: മതിൽ പൊളിക്കാൻ എത്തിയ ഗുണ്ടാസംഘങ്ങളുമായി ഏറ്റുമുട്ടിയ എ.എസ്.ഐക്കും സ്ഥലം ഉടമയ്ക്കും പരിക്ക്. വാകത്താനം സ്റ്റേഷനിലെ എ.എസ്.ഐ ജോൺസൺ ആന്റണിക്കും വാഴയിൽ അലക്സിനുമാണ് പരിക്കേറ്റത്.ഇരുവരെയും ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇരവുചിറ കണ്ട്രാമറ്റത്താണ് സംഭവം.
ഗുണ്ടകളായ തോട്ടയ്ക്കാട് പെരുന്നേപറമ്പിൽ മനേഷ് ജോസ് (31), തിരുവല്ല റെയിൽവേ സ്റ്റേഷൻ ഭാഗത്ത് താമസിക്കുന്ന പേരൂർ വീട്ടിൽ അഖിലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാഴയിൽ അലക്സ് വാങ്ങിയ സ്ഥലത്ത് മതിൽ കെട്ടിയതാണ് അയൽവാസിയായ ചാലുവേലിൽ സോബിച്ചനെ ചൊടിപ്പിച്ചത്. ഇതേ സ്ഥലത്ത് വഴി വേണമെന്ന് സോബിച്ചൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ അലക്സ് തയ്യാറായില്ല. തുടർന്ന് ഗുണ്ടാ സംഘത്തെ ഉപയോഗപ്പെടുത്തി വഴി വെട്ടാൻ സോബിച്ചൻ ശ്രമിച്ചതാണ് പ്രശ്നമായത്.
കുരുമുളക് സ്പ്രേയും വടിവാളുകളുമായാണ് സംഘം വഴിവെട്ടാൻ ശ്രമിച്ചത്. ഇതോടെ അലക്സ് പൊലീസിൽ വിവരം അറിയിച്ചു. എ.എസ്.ഐ ജോൺസൺന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് പ്രശ്നം തീർക്കതാൻ ശ്രമിക്കുന്നതിനിടയിലാണ് എ.എസ്.ഐക്കു നേരെ ആക്രമണമുണ്ടായത്.എ.എസ്.ഐയുടെ കാൽമുട്ടിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വീട്ടുടമയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. വീട് ആക്രമിച്ചതിനും, പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും, പൊലീസുകാരനെ ആക്രമിച്ചതിനും ഗുണ്ടാ സംഘത്തിനെതിരെ വാകത്താനം പൊലീസ് കേസെടുത്തിട്ടുണ്ട്.