കോട്ടയം: കുട്ടനാട് സീറ്റിൽ പിടി മുറുക്കുന്നതിന്റെ ഭാഗമായി രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്ന ആവശ്യവുമായി കേരളകോൺഗ്രസ് ജോസഫ് വിഭാഗം ഇന്ന് മങ്കൊമ്പിൽ കർഷക സത്യാഗ്രഹസമരം നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമെന്നു വിശേഷിപ്പിക്കാവുന്ന സമരം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫാണ് ഉദ്ഘാടനം ചെയ്യുന്നത്.
ചരൽകുന്നിൽ കൂടിയ ജോസ് വിഭാഗം സംസ്ഥാന നേതൃത്വ ക്യാമ്പ് കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സ്ഥാനാർത്ഥി നിർണയത്തിന് തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ ഉപസമതി രൂപീകരിച്ചെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് കുട്ടനാട് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് ജോസ് വിഭാഗം നടത്തുന്നതെന്ന് ജോസഫ് വിഭാഗം നിയമസഭാ കക്ഷി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെജോസപ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ റെബൽ സ്ഥാനാർത്ഥിയെ നിറുത്തി സീറ്റ് നഷ്ടപ്പെടുത്തിയവരാണ് ജോസ് വിഭാഗം. ഈ തിരഞ്ഞെടുപ്പിലും അതാണ് അവർ ഉദ്ദേശിക്കുന്നത്. യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം സൃഷ്ടിച്ച് സ്ഥാനാർത്ഥി പരാജയപ്പെടാൻ ഇടയായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് നേതൃത്വം ഇടപെടണമെന്നും മോൻസ് അഭിപ്രായപ്പെട്ടു.
'ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ.അപ്പോൾ ഞങ്ങളുടെ സ്ഥാനാർത്ഥി ആരെന്ന് പി.ജെ.ജോസഫ് പ്രഖ്യാപിക്കും. ജോസ് വിഭാഗത്തിനോ, ജോണിനെല്ലൂരിനോ കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ഒരു അവകാശവാദവും ഉന്നയിക്കാൻ കഴിയില്ലെന്ന് ജോസഫ് വിഭാഗം സസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാം പറഞ്ഞു.
ജോസ്- ജോസഫ് തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് 20നാണ്. രണ്ടില ചിഹ്നം ജോസഫ് ദുരുപയോഗം ചെയ്യുന്നുവെന്ന ജോസിന്റെ പരാതിയിൽ ചിഹ്നം താത്ക്കാലികമായി മരവിപ്പിച്ചിരുന്നു.
അതേസമയം, ജോസും ജോസഫും തമ്മിലടിച്ച് സീറ്റ് നഷ്ടപ്പെടാതിരിക്കാൻ ജോണിനെല്ലൂരിനെ പൊതു സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി ജേക്കബ് വിഭാഗവും രംഗത്തെത്തി. 2011ൽ തങ്ങൾക്ക് അനുവദിച്ച സീറ്റിൽ പാർട്ടി വൈസ് ചെയമാൻ പ്രൊഫ. മാത്യു ഉമ്മനാണ് മത്സരിച്ചത്. 2016ൽ ജോസഫ്- മാണി ലയനത്തിന്റെ പേരിൽ അവർക്ക് സീറ്റ് നൽകുകയായിരുന്നു. മാണി വിഭാഗം രണ്ടായി പിളർന്ന സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രേംസൺ പോൾ പറഞ്ഞു.