ചങ്ങനാശേരി: മകന്റെ വിവാഹാവശ്യത്തിനായി ഗൃഹനാഥൻ കരുതിവച്ച 40 പവൻ സ്വർണവും ദിനാറും വീട് കുത്തിത്തുറന്ന് കള്ളൻ കൊണ്ടുപോയി.
മോർക്കുളങ്ങര സ്വദേശിയും പ്രവാസിയുമായ കുഞ്ഞുമോന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണവും പണവും. വീടിന് പുറത്തുവച്ചിരുന്ന പണിയായുധങ്ങൾ ഉപയോഗിച്ചാണ് കള്ളൻ വീടിന്റെ വാതിൽ തകർത്തത്.
വിദേശത്ത് ജോലി ചെയ്യുന്ന കുഞ്ഞുമോൻ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് വിവാഹ വസ്ത്രം വാങ്ങാൻ പോയ കുഞ്ഞുമോനും കുടുംബവും രാത്രി 10 മണിയോടെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 25നാണ് മകന്റെ വിവാഹം. ചങ്ങനാശേരി പൊലീസ് അനേഷണം ആരംഭിച്ചു. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങിളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു.