ചങ്ങനാശേരി : ചായക്കാരൻ കുളത്തിന്റെ വിസ്‌തീർണ്ണം ഒരേക്കർ ഇരുപത് സെന്റാണ്. ഇത്രയും വലിയ കുളത്തെ എങ്ങനെയെല്ലാം ഉപയോഗിക്കാം! എന്നാൽ, നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കുളം കൊണ്ട് നാട്ടുകാർക്ക് യാതൊരുപ്രയോജനവുമില്ല എന്നതാണ് സത്യം. കാരണം ഈ ജലസ്രോതസ് ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ കഴിഞ്ഞു.

എന്നുമാത്രമല്ല, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥതിചെയ്യുന്ന കൊല്ലാപുരത്തെ ചായക്കാരൻ കുളം അധികാരികളുടെ കടുത്ത അവഗണനയെ തുടർന്ന് നാശത്തിന്റെ വക്കിലാണ്.

നാട്ടിലെ തോടും കുളവും തടാകവും നീർത്തടങ്ങളുമൊല്ലാം സംരക്ഷിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ പഞ്ഞുനടക്കുമ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.

ചായക്കാരൻ കുളത്തിന് വർണ്ണാഭമായ വലിയൊരു ഭൂതകാലം ഉണ്ടായിരുന്നു.

വലിയ ചിറ പാടം വഴി ബോട്ടുകളും ചരക്കു വള്ളങ്ങളും വരെ ഈ കുളത്തിലെത്തിയിരുന്നു എന്നാണ് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

എന്നാൽ, വള്ളങ്ങളും ബോട്ടുകളും എത്തിയിരുന്ന വലിയ ചിറ പാടത്തേക്കുള്ള നീർച്ചാലുകളും തോടും കാലക്രമേണ ഇല്ലാതാവുകയും സമീപ പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഇതോടെ തോടുകൾ റോഡുകളായി. കുളത്തിൽ മണ്ണു കയറി നിറയുകയും ആഴം കുറയുകയും ചെയ്തതോടെ വളളവും ബോട്ടുമെല്ലാം അതിന്റെ വഴിക്ക് പോയി.

പഞ്ചായത്തിലെ പ്രധാനപെട്ട കുളം എന്ന നിലയിൽ ഇത് സംരക്ഷിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഫലമായി പഞ്ചായത്തിനെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ കുളത്തിന്റെ ആഴം കൂട്ടാനും ചുറ്റും കൽക്കെട്ട് നിർമ്മിക്കുന്നതിനുമായി 75 ലക്ഷം രുപ അനുവദിച്ചിരുന്നു. അതനുസരിച്ചുള്ള പണികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. പലവഴിയുലൂടെ ഒഴുകിയെത്തുന്ന മാലിന്യജലം കുളത്തിൽ എത്താതെ ഓടയിലൂടെ മുണ്ടകൻ പാടത്തിനടുത്തെ തോട്ടിൽ എത്തിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. അത് നേടുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ ഓടകളെല്ലാം മണ്ണ് വീണ് അടഞ്ഞു. തത്സ്ഥിതി ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് മണ്ണു നീക്കം ചെയ്യാതെ അത്യാവശ്യ ഉപയോഗത്തിന് പോലും കുളത്തെ ആശ്രയിക്കാൻ കഴിയില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ആഴം വർദ്ധിപ്പിച്ച് സംരക്ഷണഭിത്തി കെട്ടി കുളം സംരക്ഷിച്ചാൽ പായിപ്പാട് പഞ്ചായത്ത് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമാകുമെന്നും അവർ പറയുന്നു. പഞ്ചായത്തധികൃതർ ഇതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ ചായക്കാരൻ കുളം അധികം താമസിയാതെ ഓർമ്മയായി മാറുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.