നെടുംകുന്നം : പ്രതിജ്ഞമാത്രം കൊണ്ട് മാത്രം കാര്യമില്ല, പ്രവർത്തികൂടി നന്നാവണമെന്ന് വിശ്വസിക്കുന്നവരാണ് നെടുംകുന്നം ഗ്രാമ പഞ്ചായത്തി പതിനാലാം വാർഡ് അംഗങ്ങൾ. അതുകൊണ്ടുതന്നെ, പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രതിജ്ഞയ്ക്കൊപ്പം ഗ്രാമസഭയിലെ അംഗങ്ങൾക്കായി തുണി സഞ്ചി, പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനവും നൽകി. സ്വയം തൊഴിലായി അംഗങ്ങൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തെ മാറ്റാനും അതുവഴി ഒരു വരുമാനവും കണ്ടെത്താൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോസഫ് ദേവസ്യ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. ക്യഷി അസിസ്റ്റന്റ് സോണിദാസ്, എ.ഡി.എസ് പ്രസിഡന്റ് എൽസി ജോസഫ്, വൈസ് പ്രസിഡന്റ് സോജമ്മ സഖറിയ, സെക്രട്ടറി മിനി ശശി മോൻ, എൻ.ജി രവി, വ്യാപാരിവ്യവസായികൾക്ക് വേണ്ടി ജോസഫ് അലക്‌സ് എന്നിവർ പങ്കെടുത്തു.
ഗ്രാമസഭയിലെ അംഗങ്ങൾക്കായി രശ്മി കുട്ടപ്പനാണ് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകിയത്. വാർഡിലെ 14 കുടുംബശ്രീയൂണിറ്റുകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ ശുചിത്വ പ്ലാസ്റ്റിക് വിമുക്ത വാർഡ് ആക്കുന്നതിനുള്ള
പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. എല്ലാ കുടുംബശ്രീകളിലും പേപ്പർ ബാഗ്, തുണി സഞ്ചി നിർമ്മാണ പരിശീലനം പൂർത്തിയാക്കി
വരുന്നതായി വാർഡ് മെമ്പർ ജോസഫ് ദേവസ്യ പറഞ്ഞു.