ചങ്ങനാശേരി: ബോട്ടു ജെട്ടിയിൽ പോളശല്യം രൂക്ഷമാകുന്നു. ബോട്ടു ജെട്ടിയിലും ബോട്ടു കടന്നു വരുന്ന കിടങ്ങറ മുതലുള്ള ജലപാതയിൽ പോള വളർന്നതോടെ ബോട്ടുകൾക്ക് കടന്നു വരാനാകാത്ത സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ഓഗസ്റ്റിൽ ജെട്ടിയിലെ പോളയും നീർസസ്യങ്ങളും പൂർണ്ണമായി നീക്കം ചെയ്തിരുന്നു. നിറഞ്ഞുകിടന്നിരുന്ന പോള നീക്കിയതിനെത്തുടർന്ന് ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ ആലപ്പുഴയിൽ നിന്നും യാത്രാബോട്ടും ചെറുവള്ളങ്ങളുമെത്തിയിരുന്നു. 20 ലക്ഷം രൂപ മുടക്കി കിടങ്ങറ വരെ പോള നീക്കം ചെയ്യാൻ സർക്കാർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചതിനെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് പോള നീക്കം ചെയ്തത്. എന്നാൽ, അധികമാസം പിന്നിടുന്നതിനു മുൻപേ വീണ്ടും പോള നിറഞ്ഞ നിലയിലായിരിക്കുകയാണ്. നൂറ് കണക്കിന് യാത്രക്കാരാണ് പോള ശല്യം മൂലം യാത്രാ ദുരിതത്തിലാകുന്നത്.