കോട്ടയം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായ രീതിയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ വിദ്യാർത്ഥികൾ സംഘടിച്ചതോടെ കോട്ടയം സി.എം.എസ് കോളേജിൽ സംഘർഷം. രണ്ടാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർത്ഥികളായ രണ്ടുപേരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ സംഘടിച്ചത്. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അദ്ധ്യാപകരുമെത്തി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്
കോളേജ് ടൂറിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസം ഫിസിക്‌സ് വിഭാഗത്തിലെ രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആയുധങ്ങളുായെത്തിയ ഒരു സംഘം വിദ്യാർത്ഥികളെ മർദ്ദിക്കുകയും വീടുകയറി ആക്രമിക്കുകയും ചെയ്തു. നാലു പേർക്കു സംഭവത്തിൽ പരിക്കേറ്റു. ഇവരിൽ യദുകൃഷ്ണൻ, ജുപെയ്ൻ എന്നിവർക്ക് സാരമായ പരിക്കേറ്റിരുന്നു.
ഇന്നലെ രാവിലെ മർദനത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ.പ്രവർത്തകർ ക്യാമ്പസിൽ എത്തിയപ്പോൾ സഹപാഠികൾ ചേർന്ന് തടയുകയായിരുന്നു. വിദ്യാർത്ഥികൾ എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യം വിളിച്ച് ഗേറ്റിന് മുന്നിൽ തടിച്ചു കൂടി. ഇവരെ കോളേജിൽ പ്രവേശിക്കാനാവില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. ഇതേത്തുടർന്നു സംഘർഷമുണ്ടായെങ്കിലും പിന്നീട് അയഞ്ഞു. ഈ സമയം നഗരത്തിലെ ക്യാമ്പസുകളിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ പുറത്ത് തമ്പടിച്ചു. ഉച്ചയ്ക്ക് വീണ്ടും എസ്.എഫ്.ഐ. പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറാൻ ശ്രമിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. ഗേറ്റിന് മുന്നിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും അണിനിരന്നു. പല തവണ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. ഇതിനിടെ ഉച്ചയ്ക്ക് ശേഷം കോളേജിന് അവധിയും നൽകി. വിദ്യാർത്ഥികളിൽ ചിലരെ തടയാനായി നിലയുറപ്പിച്ച എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിലുള്ളിലാക്കി. പിന്നീട് സി.പി.എം. പ്രാദേശിക നേതൃത്വം വിഷയത്തിൽ ഇടപെടുകയും പൊലീസുമായി ചർച്ച നടത്തി പ്രതിഷേധക്കാരെ മാറ്റുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പിന്നീട് വിട്ടയച്ചു. വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പരാതി നൽകിയതായും തിങ്കളാഴ്ചവരെ അവധി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു.
'' ക്യാമ്പസിനുള്ളിൽ കഞ്ചാവ് മാഫിയ പ്രവർത്തിക്കുകയാണ്. ഇവർ പ്രവർത്തകരെ മർദ്ദിക്കുന്നത് പതിവാണ്. ശക്തമായി നേരിടും''
എസ്.എഫ്.ഐ
'' തങ്ങൾക്ക് ഇഷ്ടമില്ലാത്തയാളുകളെ കഞ്ചാവ് മാഫിയയെന്ന് വിളിക്കുന്നത് എസ്.എഫ്.ഐയുടെ സ്ഥിരം പരിപാടിയാണ്. വിദ്യാർത്ഥികൾക്കൊപ്പമാണ് നിലകൊള്ളുന്നത്''
- ഡോ.റോയി സാമുവൽ, പ്രിൻസിപ്പൽ