ചങ്ങനാശേരി: പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവനും അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വിദേശ കറൻസിയും കവർന്നു. ചങ്ങനാശേരി മോർക്കുളങ്ങര കുമ്പവേലിയിൽ കുഞ്ഞുമോന്റെ വീട്ടിലാണ് മോഷണം നടന്നത്. 25ന് നടക്കുന്ന മകന്റെ വിവാഹത്തിന്
വസ്ത്രമെടുക്കാനായി പോയ കുഞ്ഞുമാേനും കുടുംബവും വ്യാഴാഴ്ച രാത്രി 9.30യോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് സ്വർണ്ണാഭരണങ്ങളും റിയാലും സൂക്ഷിച്ചിരുന്നത്. വീട്ടിലെതന്നെ അടുക്കളയിൽ നിന്നുള്ള വെട്ടുകത്തി ഉപയോഗിച്ചാണ് അലമാര കുത്തിത്തുറന്നത്. വെട്ടുകത്തി കട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
35 വർഷമായി വിദേശത്തു ജോലി ചെയ്യുന്ന കുഞ്ഞുമോൻ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും വിവാഹത്തിന് ധരിക്കാനായി കരുതിയ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇന്നലെ പൊലീസും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ചങ്ങനാശേരി ഡി.വൈ.എസ്.പി എസ്.സുരേഷ്‌കുമാർ, എസ്.എച്ച്.ഒ പി.വി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.