muthoot

കോട്ടയം: മുത്തൂറ്റ് ഫിനാൻസിന്റെ ബേക്കർ ജംഗ്ഷൻ, ടി.ബി. റോഡ്, ഇല്ലിക്കൽ ശാഖകളിലെത്തിയ ഒമ്പത് വനിതാ ജീവനക്കാർക്ക് നേരെ ചീമുട്ടയെറിഞ്ഞു. ഇന്നലെ രാവിലെ പൊലീസ് നോക്കി നിൽക്കെയായിരുന്നു സംഭവം. പിരിച്ചുവിട്ട ജീവനക്കാരനും സി.ഐ.ടി.യു. പ്രവർത്തകരുമാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് ജീവനക്കാർ വെസ്റ്റ് പൊലീസിൽ പരാതി നൽകി..
രാവിലെ 8.30ന് ബേക്കർ ജംഗ്ഷനിലെ ശാഖയിലായിരുന്നു ആദ്യ സംഭവം. ശാഖ തുറക്കാൻ എത്തിയ ജീവനക്കാരായ രഹ്ന അച്ചു ജോൺ, ബീനാ തോമസ് എന്നിവരെ 25 ഓളം സമരാനുകൂലികൾ ഭീഷണിപ്പെടുത്തുകയും ചീമുട്ടയെറിയുകയുമായിരുന്നു. ടി.ബി റോഡിലെ ബ്രാഞ്ചിൽ രാവിലെ ഒമ്പതോടെയാണ് രണ്ടാമത്തെ സംഭവം. ജീവനക്കാരായ ഉഷ ശ്രീനിവാസൻ, എം.എസ്. മനൂജ, ടി.അനു, സോനു, ജിഷ, രശ്മി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ സമയം ഇല്ലിക്കലിലെ ശാഖയ്ക്ക് നേരെയും സമാനമായ സംഭവം ഉണ്ടായി. പരാതി നല്കിയ ശേഷം ബേക്കർ ജംഗ്ഷനിലെ ശാഖ തുറക്കാനായി ജീവനക്കാർ പൊലീസിന്റെ സാന്നിധ്യത്തിൽ എത്തി. സ്ഥാപനത്തിന്റെ പൂട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും താഴിൽ പശ ഒട്ടിപ്പിടിച്ചിരുന്നതിനാൽ താക്കോൽ ഇടാൻ കഴിഞ്ഞില്ല. തുടർന്ന് ജീവനക്കാർ താഴ് തല്ലിപ്പൊളിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ജീവനക്കാരും കൂടി ഷട്ടർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഇതിനുള്ളിൽ നിന്നും കല്ലും മദ്യക്കുപ്പിയും താഴേയ്ക്ക് വീണു. ഇവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. സ്ഥാപനത്തിന്റെ താഴ് തുറക്കാതിരിക്കാൻ നൂൽക്കമ്പി കെട്ടുന്നതും പശ ഒഴിക്കുന്നതും പതിവാണെങ്കിലും ഷട്ടറിന് ഇടയിൽ കരിങ്കല്ലും കുപ്പിയും കയറ്റിവയ്ക്കുന്നത് ആദ്യ സംഭവമാണെന്ന് ജീവനക്കാർ പറഞ്ഞു.