മാങ്കുളം : ദേവികുളം സബ്കളക്ടറോടും മാങ്കുളം ഡിഎഫ്ഒ യോടും മാർച്ച് 19 ന് നേരിട്ട് ഹാജരാകാൻ ലോകായുക്ത കോടതി ഉത്തരവിട്ടു.പതിമൂന്ന് വർഷമായി മാങ്കുളത്തെ കൈവശ ഭൂവുടമകൾക്ക് പട്ടയം നൽകാൻ തടസമായ മാങ്കുളം റിസർവ്വ് ഫോറസ്റ്റ് വിജ്ഞാപനത്തിന്റെ അന്തിമ വിജ്ഞാപന നടപടികൾ പൂർത്തീകരിക്കാത്തതിനെചോദ്യം ചെയ്ത് സി.പി.ഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് ലോകായുക്തയിൽ നൽകിയ ഹർജിയിലാണ് വിധി.
റിസർവ്വ് ഫോറസ്റ്റ് വിജ്ഞാപന പ്രകാരം മാങ്കുളം വില്ലേജിലെ 9005 ഹെക്ടർ ഭൂമി വനഭൂമിയാക്കാൻ ഉദ്ദേശിച്ച് സർക്കാർ വിജ്ഞാപനം ഇറക്കുകയും ഈ വിജ്ഞാപന പരിധിയിൽ വരു ഭൂവുടമകൾക്ക് തങ്ങളുടെ അവകാശവാദം സമർപ്പിക്കാൻ ദേവികുളം സബ്കളക്ടറെ സെറ്റിൽമെന്റ് ഓഫീസറായി വിജ്ഞാപനം ഇറക്കുകയും ചെയ്തു. മാങ്കുളം വില്ലേജിലെ 1007 കർഷകർ തങ്ങളുടെ കൈവശ കൃഷിഭൂമിക്ക് അവകാശവാദം ഉന്നയിച്ച് അപേക്ഷ സമർപ്പിച്ചെങ്കിലും വിജ്ഞാപനം ഇറങ്ങി 13 വർഷം പൂർത്തീകരിച്ചിട്ടും 613 പേരുടെ അവകാശവാദം മാത്രമാണ് ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസർ നാളിതുവരെയായി കേട്ടത്. . ഇതുമൂലം മാങ്കുളം വില്ലേജിൽ 1999 ൽ ഭൂമി വിതരണം ചെയ്ത 1016 പേർക്കും, കൈവശ ഭൂവുടമകളായ 617 പേർക്കും പട്ടയം നൽകാൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് തടസ്സം നിൽക്കുകയായിരന്നു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റീസ്. സിറിയക്ക് തോമസ്, ജസ്റ്റീസ് ടി.കെ ബഷീർ എന്നിവർ ഉത്തരവിട്ടത്.