കോട്ടയം : കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽവേ സർവേ പൂർത്തിയായതോടെ സ്ഥലം നഷ്ടപ്പെടുന്നവർ സമരപ്രഖ്യാപനവുമായി രംഗത്ത് . മുളക്കുളത്തും പെരുവയിലും രണ്ട് മത്സ്യതൊഴിലാളി കോളനികളിലായി 800 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചും 150 ഓളം ഏക്കർ നെൽപ്പാടം നികത്തിയുമാണ് പാത കടന്നു പോകുന്നതെന്ന് ആരോപിച്ച് സെമി ഹൈ സ്പീഡ് റയിൽവേ വിരുദ്ധസമിതി ഇന്ന് കളകടറേറ്റ് ധർണയും സമരപ്രഖ്യാപന കൺവെൻഷനും നടത്തും.
കഞ്ഞിക്കുഴി, ഏറ്റുമാനൂർ,ഞീഴുർ, പെരുവ ,പിറവം കാക്കനാട് വഴിയാണ് പാത കടന്നു പോകുന്നത്. ആകാശ സർവേ പൂർത്തിയായതോടെ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ മാർക്കു ചെയ്തു തുടങ്ങി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രയിൻ ഓടുക. 66079 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയിൽ വേയും സംസ്ഥാന സർക്കാരും സംയുക്തമായാണ് പദ്ധതി ചെലവ് വഹിക്കുക. ലൈൻ പ്രവർത്തനക്ഷമമാകുമ്പോൾ വലിയ പ്രകമ്പനങ്ങൾ ഒഴിവാക്കാൻ ഇരു വശങ്ങളിലും സംരക്ഷിത മതിലുകളും ബഫർ സോണുകളും വേണ്ടി വരും. ഇന്നത്തെ കളക്ടറേറ്റ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണനും സമരപ്രഖ്യാപന കൺവെൻഷൻ മോൻസ് ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
മേൽപാലങ്ങളിലൂടെയല്ല പാത കടന്നു പോകുന്നത്. ജില്ലയിൽ നിരവധി വീടുകൾ പൊളിച്ചു കളയേണ്ടി വരും.പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന കോളനികളാണ് ഇതിൽ കൂടുതലും . എത്ര സ്ഥലം നഷ്ടപ്പെടുമെന്ന വിവരം പോലും അധികൃതർ പുറത്തു പറയാതെ രഹസ്യമായി ആകാശ സർവേ നടത്തുകയായിരുന്നു. സമരമല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല.
തോമസ്, സെമി ഹൈസ്പീഡ് റയിൽവേ വിരുദ്ധ സമിതി