അടിമാലി: ഒരു വശം തളർന്ന ഭാര്യയെ മകന്റെ വീട്ടിലേക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു വന്ന് കാറിൽ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി. വയനാട്, കമ്പെട്ടി, വെൺമണി വലിയവേലിക്കകത്ത് ലൈലാമണിയെ (53) യാണ് അടിമാലി പൊലീസ് സ്റ്റേഷന് സമീപം രണ്ട് ദിവസത്തോളം ദേശീയ പാതയിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്.
ബുധനാഴ്ച രാത്രിയാണ് റോഡ്സൈഡിൽ കെ.എൽ 12 ഇ 4868 ആൾട്ടോ കാർ പാർക്ക് ചെയ്തത്. രണ്ട് ദിവസമായി റോഡരികിൽ കാർ പാർക്ക് ചെയ്തിരിക്കുന്നതിൽ സംശയം തോന്നിയ ആട്ടോ ഡ്രൈവർ ദീപു ഇന്നലെ രാവിലെ കാർ പരിശോധിച്ചപ്പോഴാണ് അതിൽ അവശനിലയിൽ ഒരു സ്ത്രീയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. കാറിന്റെ താക്കോൽ, ആർ.സി ബുക്ക്, മാനന്തവാടി ടൗൺ എസ്.ബി.ഐ ബ്രാഞ്ചിലെ മാത്യുവിന്റെയും ലൈലാമണിയുടെയും ജോയിന്റ് അക്കൗണ്ട് പാസ് ബുക്ക്, ലൈലാമണിയുടെ ഫോൺ എന്നിവ കൂടാതെ ബായ്ക്ക് സീറ്റിലും ഡിക്കിയിലും നിറയെ വീട്ടു സാധനങ്ങളും ഉണ്ടായിരുന്നു.
അവശനിലയിലായിരുന്ന ലൈലാമണിയെ നാട്ടുകാരും പൊലീസും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് മാത്യുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ചുവെങ്കിലും ഉടൻതന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കി.
കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്ന മഞ്ചിത്ത് മകനും, തിരുവനന്തപുരം ആറ്റിങ്ങലിൽ താമസിക്കുന്ന മഞ്ചു മകളുമാണെന്ന് വീട്ടമ്മ പറഞ്ഞു. മാത്യുവും ലൈലാമണിയും മാത്രമാണ് മാനന്തവാടിയിലെ വീട്ടിൽ താമസിക്കുന്നത്. ഇരട്ടയാറിലുള്ള മകന്റെ വീട്ടിലാക്കുന്നതിനാണ് ഭർത്താവ് മാനന്തവാടിയിൽ നിന്നും കൂട്ടിക്കൊണ്ട് വന്നത്. അടിമാലിയിൽ എത്തിയപ്പോൾ കാർ പാർക്ക് ചെയ്ത ശേഷം ബാത്ത് റൂമിൽ പോയിട്ടു വരാം എന്നുപറഞ്ഞാണ് ഭർത്താവ് മാത്യു പോയതെന്ന് വീട്ടമ്മ പറഞ്ഞു. മൂന്നു വർഷമായി ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയതാണെന്നും അവർ പറഞ്ഞു. മാത്യുവിനെയും മക്കളെയും അടിമാലി പൊലീസ് അന്വേഷിക്കുന്നുണ്ട്.