പാലാ: വലവൂരിലും കുറിഞ്ഞിയും ഇന്നലെയുണ്ടായ വാഹനാപകടങ്ങളിൽ എട്ടു പേർക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ ഉച്ചകഴിഞ്ഞ് ഒന്നരയോടെ കാറും മിനിവാനും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന കരിങ്കുന്നം കൊച്ചുകർത്തേടത്ത് ലൂക്കാ (72), മക്കളായ ജോർലി (35), ജോമി (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലായിൽ നിന്നു തൊടുപുഴ ഭാഗത്തേക്കു പോവുകയായിരുന്നു ഇവർ. കാറും എതിരേ വന്ന അയ്യപ്പഭക്തരുടെ മിനിവാനും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനിവാനിലുണ്ടായിരുന്ന അയ്യപ്പഭക്തർക്ക് നിസാര പരിക്കേറ്റു.
പാലാ ഉഴവൂർ റോഡിൽ വലവൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. വലവൂർ സഹകരണ ബാങ്കി നു സമീപം രാവിലെ 11 നായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളായ രാംബാബു(51), ശ്രീനിവാസറാവു (43), സുബ്ബറാവു (47), സായികുമാർ (32), ആനന്ദ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.