കോട്ടയം: ഇടിച്ചുവീഴ്ത്തിയ ടോറസ് ലോറിക്കടിയിൽ പെട്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. മൃഗസംരക്ഷണ വകുപ്പിൽ കാസർകോട്ട് ജോലി ചെയ്യുന്ന ചുങ്കം മള്ളുശേരി പേരകത്ത് ചന്ദ്രമോഹൻ (കുഞ്ഞുമോൻ -55) അണ് മരിച്ചത്. കോട്ടയം - മെഡിക്കൽ കോളേജ് റൂട്ടിലെ ചുങ്കം കവലയിൽ ഇന്നലെ വൈകിട്ട് 4.30 ന് ആയിരുന്നു അപകടം.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ സതിയെ സന്ദർശിക്കാൻ കാസർകോട്ടെ ജോലി സ്ഥലത്തുനിന്ന് നാട്ടിലെത്തിയതായിരുന്നു. ഭാര്യയെ കിടത്തിയിരിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകാനായി റോഡിനു കുറുകെ കടക്കാൻ ശ്രമിക്കുമ്പോൾ സ്റ്റോപ്പിൽ നിറുത്തിയിട്ടിരുന്ന ബസിനെ മറികടന്ന് അമിതവേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. നിലത്തുവീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ലോറിയുടെ മുൻചക്രം കയറിയിറങ്ങി. ചന്ദ്രമോഹൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വർഷങ്ങളായി കാസർകോട് ജോലി ചെയ്യുന്ന ചന്ദ്രമോഹൻ മാർച്ചിൽ വിരമിക്കാനിരിക്കെയാണ് ദുരന്തം. മക്കൾ: ആര്യ, അഞ്ജലി.