വൈക്കം: മൂവാറ്റുപുഴയാറിനു കുറുകെ വടയാർ മുട്ടുങ്കൽ പാലത്തിനു സമീപം ഓരു മുട്ട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം മൈനർ ഇറിഗേഷൻ ഓഫീസിനു മുന്നിൽ കർഷകർ ഉപരോധ സമരം നടത്തി. വടയാർ മുണ്ടാർ മേഖലകളിലെ മൂവായിരം ഏക്കർ കൃഷി ഓരു വെള്ള ഭീഷണിയിലാണ്. ഡിസംബർ മാസം ആദ്യം ഓരു മുട്ട് ഉറപ്പിക്കേണ്ടതായിരുന്നു. വേമ്പനാട്ട് കായലിൽ ഓരിന് ശക്തി കൂടിയതോടെ കർഷകരും ആശങ്കയിലാണ്. വേനൽകൃഷിയും അതോടൊപ്പമുള്ള പുരയിട കൃഷികളും സംരക്ഷിക്കാൻ അടിയന്തിരമായി ഓരു മുട്ട് ഉറപ്പിക്കേണ്ടതുണ്ട്. നടപടി വൈകിയാൽ വേനൽകൃഷി നഷ്ടത്തിലാകും. ജാതി, വാഴ, പച്ചക്കറികൃഷികൾ എന്നിവയും പാടെ നശിക്കും. സർക്കാറിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തപസ്യ പുരുഷോത്തമൻ സമരം ഉദ്ഘാടനം ചെയ്തു. കെ. കെ. ചന്ദ്രബാബു, കെ. രമേശൻ, അനിൽ ചെള്ളാങ്കൻ, കെ. വി. പവിത്രൻ, ബാബു, സാജു കാരപ്പള്ളി, കെ. സി. രഘുവരൻ, മാത്യു ദേവസ്യ, രഘുനന്ദനൻ എന്നിവർ നേതൃത്വം നൽകി.