കോട്ടയം : ശരീരത്തിന്റെ ഒരു വശം തളർന്ന ഭാര്യയെ കാറിൽ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങിയ സംഭവത്തിൽ അമ്മയെതേടി മകൻ എത്തി. കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്ന മകൻ മഞ്ജിത്താണ് ഇന്ന് രാവിലെ 9 മണിയോടെ അടിമാലി സ്റ്റേഷനിലെത്തിയത്. വയനാട് കമ്പെട്ടി വെൺമണി വലിയവേലിക്കകത്ത് ലൈലാമണി (53) ആണ് അടിമാലി പൊലീസ് സ്റ്റേഷന് സമീപം ഒന്നര ദിവസം കാറിനുള്ളിൽ കിടന്നത്.
ബുധനാഴ്ച രാത്രിയാണ് റോഡ്സൈഡിൽ കെ.എൽ 12 ഇ 4868 ആൾട്ടോ കാർ പാർക്ക് ചെയ്തത്. മണിക്കൂറുകളോളം റോഡരികിൽ കാർ പാർക്ക് ചെയ്തിരിക്കുന്നതിൽ സംശയം തോന്നിയ ആട്ടോ ഡ്രൈവർ ദീപു ഇന്നലെ രാവിലെ കാർ പരിശോധിച്ചപ്പോഴാണ് അവശനിലയിൽ ലൈലാമണിയെ കണ്ടത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാറിന്റെ താക്കോൽ, ആർ.സി ബുക്ക്, മാനന്തവാടി ടൗൺ എസ്.ബി.ഐ ബ്രാഞ്ചിലെ മാത്യുവിന്റെയും ലൈലാമണിയുടെയും ജോയിന്റ് അക്കൗണ്ട് പാസ് ബുക്ക്, ലൈലാമണിയുടെ ഫോൺ എന്നിവ കൂടാതെ ബായ്ക്ക് സീറ്റിലും ഡിക്കിയിലും നിറയെ വീട്ടുസാധനങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് മാത്യുവും ലൈലാമണിയും.
കാറിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ പൊലീസ് വിളിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ മാത്യു തന്നെയാണ് ഫോൺ എടുത്തതെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ പൊലീസ് ചീഫ് പി.കെ മധുവിന്റെ നിർദ്ദേശത്തെ തുടർന്ന് അടിമാലി സ്റ്റേഷനിലെ രണ്ട് പൊലീസുകാർ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്ന മഞ്ചിത്ത് മകനും, തിരുവനന്തപുരം ആറ്റിങ്ങലിൽ താമസിക്കുന്ന മഞ്ചു മകളുമാണെന്ന് വീട്ടമ്മ പറഞ്ഞു. മാത്യുവും ലൈലാമണിയും മാത്രമാണ് മാനന്തവാടിയിലെ വീട്ടിൽ താമസിക്കുന്നത്. ഇരട്ടയാറിലുള്ള മകന്റെ വീട്ടിൽ ഭാര്യയെ എത്തിക്കുന്നതിനാണ് മൂന്നു ദിവസം മുമ്പ് യാത്രതിരിച്ചത്. നാലു വർഷം മുമ്പാണ് ലൈലാമണി രോഗിയായത്. ഒരു വശം തളർന്ന് കിടപ്പിലായിരുന്ന ലൈലാമണിക്ക് എഴുന്നേല്ക്കണമെങ്കിൽ പരസഹായം വേണം. കാറിൽ ചായപ്പെടി കൊണ്ടുപോയി വില്പനയാണ് മാത്യുവിന്റെ ജോലി. വയനാട്ടിൽ ആറു സെന്റും വീടും ഉണ്ടായിരുന്ന മാത്യു ഭാര്യയുടെ ചികിത്സയ്ക്കായി അത് വിറ്റു