കോട്ടയം: ചെക്ക് കേസിൽ മുൻ നഗരസഭ അംഗത്തിന് തടവും പിഴയും. കോട്ടയം നഗരസഭ മുൻ അംഗം കളക്‌ടറേറ്റ് മുള്ളൻകുഴിയിൽ ജോസ് ജോർജിന്റെ ഭാര്യ ഡോറിസ് ജോസിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ബി സുജയമ്മ ഒരു മാസം തടവിനും രണ്ടര ലക്ഷം രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. 2013 ലായിരുന്നു കേസിനാസ്‌പദമായ സംഭവം.
വടവാതൂർ വടാമറ്റത്തിൽ വി.സി ചാണ്ടിയിൽ നിന്നും പണം കടംവാങ്ങിയ ശേഷം, ഡോറിസ് ജോസ് പകരം ചെക്ക് നൽകുകയാണ് ചെയ്തത്. കോട്ടയത്തെ ബാങ്കിൽ സമർപ്പിച്ച ചെക്ക് മടങ്ങി. ഇതിനെതിരെ ചാണ്ടി നൽകിയ കേസിൽ ഡോറിസ് ജോസിനെ, 2017 ൽ കോട്ടയം മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. തുടർന്നു വിധിക്കെതിരെ അപ്പീലുമായി പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. വാദിഭാഗത്തിനു വേണ്ടി അഡ്വ.വിനു ജേക്കബ് മാത്യു കോടതിയിൽ ഹാജരായി.