കോട്ടയം: അംഗപരിമിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ആർ.പി.ഡബ്യു.ഡി ആക്‌ട് നടപ്പാക്കിയ കോട്ടയം മാതൃകയ്ക്ക് ഡൽഹിയിലും അംഗീകാരം.
കോട്ടയം ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പഠനവൈകല്യമുള്ള കുട്ടികൾക്കായി നടത്തിയ പദ്ധതികളാണ് ഡൽഹിയിൽ നടക്കുന്ന പദ്ധതി റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ കോൺഫറൻസിൽ അവതരിപ്പിച്ചത്. കോൺഫറൻസിൽ അവതരിപ്പിച്ച പദ്ധതി ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാനും തീരുമാനമായി.
കഴിഞ്ഞ വർഷമാണ് ജനറൽ ആശുപത്രിയിൽ ആർ.പി.ഡബ്യു.ഡി ആക്‌ട് നടപ്പാക്കാൻ പദ്ധതി ആവിഷ്കരിച്ചത്. സ്‌കൂളുകളിൽ നിന്നും പഠനവൈകല്യത്തിന്റെ സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥികൾ അപേക്ഷയുമായി എത്തിയിരുന്നു. ഇവർക്ക് പഠന വൈകല്യ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദുകുമാരിയും, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാനി വർഗീസുമാണ് പദ്ധതി തയാറാക്കിയത്. ഡോ.സാനി വർഗീസ് തന്നെയാണ്, ജില്ലയിൽ നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ കോൺഫറൻസിൽ അവതരിപ്പിച്ചത്. ഹാർഡ്‌വാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ഉൾപ്പെടെയുള്ളവരുടെ സാനിധ്യത്തിലായിരുന്നു പദ്ധതി അവതരിപ്പിച്ചത്. മന്ത്രി കെ.കെ ശൈലജയും കോൺഫറൻസിൽ പങ്കെടുത്തിരുന്നു.
റൈറ്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസേബിളിറ്റി ആക്‌ടിലെ ഓരോ വകുപ്പുകളും നടപ്പാക്കുന്നത് എങ്ങിനെ, പരിധിയിൽ വരുന്നവർ ആരെല്ലാം തുടങ്ങിയ കാര്യങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്‌ട് നടപ്പാക്കുന്നതിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളും, ആക്‌ട് നടപ്പാക്കേണ്ടി വരുന്നതിനുള്ള പ്രശ്‌നങ്ങളും കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഡൽഹി സർക്കാരും പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
നിർദേശങ്ങൾ ഇങ്ങനെ
ആക്‌ട് നടപ്പാക്കാൻ ജനറൽ ആശുപത്രിയിൽ മെഡിക്കൽ ബോർഡ് ഉണ്ടായിരിക്കണം
താലൂക്ക് ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉണ്ടായിരിക്കണം
മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലും അപ്പലേറ്റ് അതോറിറ്റി നിർബന്ധം
ഇത്തവണയും പരാതിക്കാർ
എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സഹായിയെ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പഠന വൈകല്യ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജനറൽ ആശുപത്രിയിൽ ഇത്തവണ എത്തിയത് 3448 അപേക്ഷകൾ. ഇതിൽ 950 വിദ്യാർത്ഥികൾക്കു മാത്രമാണ് പഠന വൈകല്യമുണ്ടെന്ന് കണ്ടെത്തിയത്.