കോട്ടയം: പ്ളാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേയ്ക്കും ജനങ്ങൾ തുണിസഞ്ചിയും പത്രക്കടലാസുകളും അന്വേഷിച്ച് ഓട്ടംതുടങ്ങി. പ്രകൃതി സൗഹൃദമായ ശീലത്തിലേക്കുള്ള തിരിഞ്ഞു നടത്തമാണ് ഇപ്പോഴുള്ളത്. ചന്തയിലും വ്യാപാരസ്ഥാപനങ്ങളിലും ഇപ്പോൾ ആളുകൾ എത്തുന്നത് തുണിസഞ്ചിയും കൈയിൽ കരുതിയാണ്. നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വീടുകളിൽ നിന്ന് തുണി സഞ്ചികളുമായി എത്തി ഞങ്ങളോട് സഹകരിക്കണമെന്ന ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ പത്ര കടലാസിനും പ്രിയമേറുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സഞ്ചികളിലേക്ക് സാധനങ്ങൾ കടലാസിൽ പൊതിഞ്ഞാണ് നൽകുന്നത് കിലോയ്ക്ക് 9–10 രൂപയുണ്ടായിരുന്ന പത്രക്കടലാസിന് ഇപ്പോൾ ഒറ്റയടിക്ക് 13–15 രൂപ വരെയായി. നിരോധനമൊക്കെയാണെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗ് ചിലയിടത്തെങ്കിലും പാറിനടക്കുന്നുണ്ട്.
പ്ളാസ്റ്റിക് ഇവർക്കും ഭീഷണി
പക്ഷികൾ
പ്ലാസ്റ്റിക് കാരണം ധാരാളം പക്ഷികൾ ചാവുന്നുണ്ടെന്നു ഡോക്ടർമാർ പറയുന്നു. പോസ്റ്റ്‌മോർട്ടം നടക്കാത്തതിനാലാണ് ഇതിന്റെ ഗൗരവം അറിയാത്തത്. ദേശാടനപ്പക്ഷികളും പ്ലാസ്റ്റിക് കെണിയിൽ പെടുന്നുണ്ടാവാം . കോഴി, താറാവ് തുടങ്ങിയ വളർത്തുപക്ഷികളിൽ പറമ്പുകളിൽ നിന്നുള്ള തീറ്റയിലൂടെ പ്ലാസ്റ്റിക് ഉള്ളിലെത്തും.
മൃഗങ്ങൾ
പ്ലാസ്റ്റിക് തിന്നു മൃഗങ്ങൾ വലഞ്ഞ സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. പശുവും ആടുമാണ് പ്ലാസ്റ്റിക് കെണിയിൽ വീഴുന്നത്. കന്നുകാലികളെ മേയാൻ വിടുന്ന പറമ്പുകളിൽ നിന്നാണ് പ്ലാസ്റ്റിക് അംശം ഉള്ളിലെത്തുന്നത്. കാലിത്തീറ്റയുടെ പ്ലാസ്റ്റിക് ചാക്ക് പശു തിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു ഡോക്ടർമാർ പറയുന്നു.
മീനുകൾ
രണ്ടു തരത്തിലാണു മീനുകളെ പ്ലാസ്റ്റിക് ബാധിക്കുന്നതെന്നു ഫിഷറീസ് അധികൃതർ. 1. പ്ലാസ്റ്റിക്കിലെ ചില ഘടകങ്ങൾ വെള്ളത്തിൽ വിഘടിച്ചു ചേരുന്നുണ്ട്. അത്തരം രാസവസ്തുക്കൾ മീനുകളുടെ മാംസത്തിലുണ്ടാവും.അതു കഴിക്കുന്നതിലൂടെ മനുഷ്യനിലും എത്തുന്നു.രണ്ടാമത് പ്ലാസ്റ്റിക് അടിഞ്ഞു കൂടി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകൾ നശിക്കുന്നു.
കടയിലുള്ള തുണിസഞ്ചിക്ക് വില കൊടുക്കണം. അതിലും നല്ലത് വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ്
- ജാനകി, വീട്ടമ്മ, ചന്തക്കടവ്