കോട്ടയം: കുട്ടനാട് സീറ്റിനായി പോരടിക്കുന്ന കേരളകോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ കർഷക കൺവെൻഷനെന്ന പേരിൽ കുട്ടനാട്ടിൽ ഒരേ ദിവസം വ്യത്യസ്ഥ യോഗങ്ങൾ നടത്തി തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത് യു.ഡി.എഫിന് തലവേദനയായി. പി.ജെ.ജോസഫ് പങ്കെടുത്ത പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് എം. ലിജുവും പങ്കെടുത്തിരുന്നു. ജോസ് വിഭാഗം ഇതിൽ അതൃപ്തിയും പ്രകടിപ്പിച്ചു.
ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ജേക്കബ് എബ്രഹാം രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മങ്കൊമ്പിൽ ഉപവാസസമരം നടത്തിയതിന്റെ ഉദ്ഘാടകൻ പി.ജെ. ജോസഫ് ആയിരുന്നു.സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമായിരിക്കും തങ്ങളുടെ സ്ഥാനാർത്ഥിയെന്നും ജോസഫ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ സമരപ്രഖ്യാപന കൺവെൻഷനാണ് ജോസ് വിഭാഗം രാമങ്കരിയിൽ സംഘടിപ്പിച്ചത്. ചരൽകുന്നിൽ സമാപിച്ച ജോസ് വിഭാഗം സംസ്ഥാന നേതൃത്വ ക്യാമ്പ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചുമതലപ്പെടുത്തിയത് തോമസ് ചാഴികാടന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ ആയിരുന്നെങ്കിലും കുട്ടനാട് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ജോസ് കെ. മാണി ആയിരിക്കുമെന്നായിരുന്നു ചാഴികാടൻ പറഞ്ഞത്.
പി.ജെ.ജോസഫ് പങ്കെടുത്ത പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് എം. ലിജു പങ്കെടുത്തതോടെ യു.ഡി.എഫ് അംഗീകരിക്കുന്ന കേരള കോൺഗ്രസ് തങ്ങളുടേതാണെന്ന പ്രചാരണമാണ് ജോസഫ് വിഭാഗം നടത്തുന്നത്. ലിജു പങ്കെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ജോസ് വിഭാഗം പുറത്തുനിന്നാരെയും വിളിച്ചില്ലെന്നാണ് വിശദീകരണമായി പറയുന്നത്. ഒരു വിഭാഗം എന്തെങ്കിലും പരിപാടി പ്രഖ്യാപിച്ചാൽ മറു വിഭാഗം സമാന്തര പരിപാടി പ്രഖ്യാപിക്കുന്നത് പതിവായിരിക്കുകയാണ്. കോട്ടയത്ത് അടുത്തമാസം ജോസഫ് വിഭാഗം കർഷക സംഗമം നടത്തുമ്പോൾ ജോസ് വിഭാഗം ലക്ഷം പേരുടെ പ്രകടനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളായ തൊടുപുഴയും കടുത്തുരുത്തിയും തിരഞ്ഞെടുത്ത് ജോസ് വിഭാഗം പ്രത്യേക പരിപാടികൾ നടത്തിയതും ശ്രദ്ധേയമായി.