കോട്ടയം: പാലാ പുലിയന്നൂരിലെ ഗവ.ടെക്നിക്കൽ സ്കൂളിൽ കളിസ്ഥലത്തിനായി കുന്നിടിച്ചു നിരത്താനുള്ള ശ്രമം വിവാദമാകുന്നു. വൻ മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ ചെന്നൈയിലെ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ. സ്കൂൾ വളപ്പിലെ പച്ചതുരത്ത് സംരക്ഷിക്കണമെന്നാണ് കോട്ടയം നേച്ചർ സൊസൈറ്റി സാമുഹ്യ വനവത്ക്കരണ വിഭാഗത്തിന് നൽകിയ പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഫുട്ബാൾ ക്രിക്കറ്റ് ഗ്രൗണ്ടുകൾക്ക് ആവശ്യമായ സ്ഥലം കുന്ന് നിരത്തിയാലും ലഭിക്കില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ടെക്നിക്കൽ സ്കൂളിൽ നിലവിലുള്ള ബാസ്ക്കറ്റ്,വോളിബോൾ കോർട്ടുകൾ പുനർനിർമ്മിച്ച് ഉപയോഗിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവനുസരിച്ച് മരം മുറിക്കാൻ കേന്ദ്ര വനം വന്യജീവി വകുപ്പിന്റെ അനുമതി വേണമെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. പത്ത് ഏക്കറിൽ ഇടതൂർന്ന വൻ വൃക്ഷങ്ങൾ നിന്നിരുന്ന സ്ഥലമായിരുന്നു പാലാ ടെക്നിക്കൽ സ്കൂൾ വളപ്പ്. നാൽപ്പത് ഡിഗ്രിക്കടുത്ത് ചെരിവുള്ള സ്ഥലത്ത് സംസ്ഥാനപാതയോട് ചേർന്നാണ് ടെക്നിക്കൽ സ്കൂൾ കെട്ടിടം. സ്കൂളിന് പിന്നിൽ അഞ്ചേക്കറിലേറെ സ്ഥലം മുമ്പ് മറ്റാവശ്യങ്ങൾക്ക് വിട്ടുകൊടുത്തിരുന്നു. ഇവിടെയുണ്ടായിരുന്ന വൻ മരങ്ങൾ നിയമവിരുദ്ധമായി മുറിച്ചുകടത്തി കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിക്കുകയായിരുന്നു. നിലവിലെ സ്കൂൾ കെട്ടിടങ്ങൾക്കും പുതിയ മന്ദിരത്തിനുമിടയിൽ വീതി കുറഞ്ഞ് നീളം കടുതലുള്ള സ്ഥലത്താണ് ഇനി മരങ്ങളുള്ളത്. ഇവിടെ ക്രിക്കറ്റ് മൈതാനമൊരുക്കാൻ സ്ഥലമില്ലെന്നും പരിസ്ഥിതി സ്നേഹികൾ വാദിക്കുന്നു.
കാട് സംരക്ഷിക്കണം
പുലിയന്നൂർ ഗവ.ടെക്നിക്കൽ സ്കൂളിലെ മരങ്ങളും കുന്നും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. മരങ്ങൾ വെട്ടരുതെന്നും കാട് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സോഷ്യൽ ഫോറസ്റ്ററി അസി. ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയിട്ടുണ്ട്. ഭൂ മാഫിയയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മരങ്ങൾ വെട്ടാൻ തയാറായാൽ കോടതിയെയോ ഹരിത ട്രൈബ്യൂണലിനെയോ സമീപിക്കുമെന്ന് കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി.ശ്രീകുമാർ വനം വന്യജീവി ബോർഡംഗം കെ.ബിനു എന്നിവർ അറിയിച്ചു.