പാലാ: എന്തുകൊണ്ടോ ശൗരി കണ്ണൂനീരണിഞ്ഞു; ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.... കഥകളി രംഗവേദിയിൽ 'ഭഗവാൻ കൃഷ്ണനെ ' കരയിച്ച സഹപാഠി 'കുചേലൻ ' കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടിയാശാൻ, കൊച്ചു മജീഷ്യൻ കണ്ണൻ മോന്റെ മുന്നിൽ സന്തോഷാശ്രുക്കൾ പൊഴിച്ചു; ചാലിട്ടൊഴുകിയ കണ്ണുനീർ ഒരു കൈ കൊണ്ടു തുടച്ചു മാറ്റിയ ഈ അതുല്യ നടൻ മജീഷ്യന്റെ നെറുകയിൽ ചുംബിച്ച് വാത്സല്യം പ്രകടിപ്പിച്ചു. പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പയപ്പാർ കലാക്ഷേത്ര നിർമ്മിച്ച ഊട്ടുപുര, ഭക്തജനങ്ങൾക്ക് സമർപ്പിക്കാനെത്തിയതായിരുന്നു കലാമണ്ഡലം ഭരണ സമിതിയംഗം കൂടിയായ കഥകളി പ്രതിഭ മാത്തൂർ ഗോവിന്ദൻ കുട്ടി. സമ്മേളനത്തിൽ ബാല മാന്ത്രികൻ മജീഷ്യൻ കണ്ണൻ മോന് , ചെറുവള്ളിൽ ദാമോദരൻ നമ്പൂതിരി സ്മാരക പുരസ്‌ക്കാരം ഇദ്ദേഹം സമ്മാനിച്ചു. ഇനി ഒരു മാജിക്കും കൂടി ആവാമെന്ന ആശാന്റെ അഭിപ്രായം ഏറ്റെടുത്ത കണ്ണൻമോൻ ഇതിനായി ഇദ്ദേഹത്തെത്തന്നെ വേദിയിലേക്കു ക്ഷണിച്ചു. അൽപ്പ നേരം കണ്ണടച്ചു പിടിച്ച്,
സുഗന്ധമുള്ള പൂക്കൾ പറിച്ച് പയപ്പാറിലെ അയ്യപ്പസ്വാമിക്കു സമർപ്പിക്കുന്നതായി സങ്കൽപ്പിക്കാൻ കണ്ണൻ മോൻ, ഗോവിന്ദൻ കുട്ടി ആശാനോടു പറഞ്ഞു. നന്നായി സങ്കൽപ്പിച്ചെങ്കിൽ കണ്ണു തുറന്ന് അങ്ങയുടെ കൈയ്യൊന്നു മണത്തു നോക്കൂ, ഭഗവാന് സമർപ്പിച്ച ആ പൂവിന്റെ മണം അങ്ങയുടെ കയ്യിലുണ്ടാവുമെന്നും കണ്ണൻമോന്റെ ഉറപ്പ്. ഉടൻ കൈ മണത്തു നോക്കിയ ആശാന്റെ മുഖത്ത് അത്ഭുതവും സന്തോഷവും മാറി മാറി മിന്നി..... നല്ല സുഗന്ധം !! 'പൊന്നു മോനെ' എന്ന് വിളിച്ച് കണ്ണൻമോന്റെ അടുത്തേക്കു വരുമ്പോൾ വേദിയിൽ ''കൃഷ്ണനെ ' സ്ഥിരമായി കരയിച്ച ഈ ' കുചേലന്റെ' മിഴികൾ നിറഞ്ഞു തുളുമ്പി.'മോനെ, നിന്നോടൊപ്പം ഈശ്വരനുണ്ട്. നീ വലിയൊരു കലാകാരനാകും ....' ഗോവിന്ദൻ കുട്ടിയാശാൻ അനുഗ്രഹിച്ചു. കഥകളി ആചാര്യന്റെ കണ്ണീരോടെയുള്ള അനുഗ്രഹം കണ്ണൻ മോനും പുണ്യാനുഭവമായി. 'മഹാത്മാവായ അങ്ങയുടെ മുന്നിൽ നിൽക്കാനും, അങ്ങയുടെ കയ്യിൽ നിന്നും ഒരു പുരസ്‌ക്കാരം വാങ്ങാനും ലഭിച്ച ഭാഗ്യം വലിയൊരു ഈശ്വരാനുഗ്രഹമായി കരുതുകയാണ് ' കണ്ണൻ മോൻ പറഞ്ഞു നിറുത്തുമ്പോൾ വീണ്ടും ആശാന്റ ആലിംഗനം. മുടിയിഴകളിൽ വാത്സല്യത്തലോടൽ !!!