കോട്ടയം: ജില്ലയിൽ നടന്ന വൈദ്യുത അദാലത്തിൽ ആകെയെത്തിയ 916 പരാതികളിൽ 872 എണ്ണവും തീർപ്പാക്കി. മന്ത്രി എം.എം മണി അദാലത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്‌തു. വൈക്കം ,പാല ,പൊൻകുന്നം ,പള്ളം ,ചങ്ങനാശ്ശേരി ഡിവിഷനുകൾ, ട്രാൻസ്മിഷൻ സർക്കിൾ ,സിവിൽ സർക്കിൾ ,റിസർച്ച് ആൻഡ് ഡാം സേഫ്റ്റി എന്നിവയുടെ പരിധിയിൽ വന്ന പരാതികൾ പ്രത്യേകം കൗണ്ടറുകളിലായാണ് കേട്ടത്. ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുക, സർവീസ് കണക്ഷൻ നൽകുന്നതിലെ തടസങ്ങൾ , കുടിശ്ശിക - ഒറ്റത്തവണ തീർപ്പാക്കൽ, കാലപ്പഴക്കം വന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം, മരം മുറിച്ചതിനുള്ള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരാതികളിൽ ഏറെയും.
പരാതി പരിഹരിക്കാൻ ആവശ്യമായി വരുന്ന 3.72 കോടി രൂപയുടെ ജോലികൾ കെ.എസ്.ഇ.ബി ഏറ്റെടുക്കും . ബി.പി.എൽ ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് ആവശ്യമായി വരുന്ന ജോലികളുടെ ചെലവ് പൂർണ്ണമായും ബോർഡ് വഹിക്കും. ഈ ജോലികളെല്ലാം മാർച്ച് 31ന് മുമ്പായി പൂർത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചു. അനുവദിച്ച തീയതിക്കു ശേഷം സമർപ്പിച്ച അപേക്ഷകളിൽ ഏഴുദിവസത്തിനകം പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് അദാലത്ത് കമ്മറ്റി കൺവീനർ കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.ജെ ഷൈമ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ , മുൻ എം.എൽ.എ വി.എൻ വാസവൻ, എൻ.സി.പി ജില്ലാ സെക്രട്ടറി ബാബു കപ്പകാല , ജനതാദൾ പ്രതിനിധി എം.പി കുര്യൻ, കെ.എസ്.ഇ. ബി ഡയറക്ടർമാരായ പി. കുമാരൻ, എൻ. വേണുഗോപാൽ, ചീഫ് എഞ്ചിനീയർമാരായ രാജൻ ജോസഫ്, ജയിംസ് എം. ഡേവിഡ്, കെ എസ് ഇ ബി ലിമിറ്റഡ് ചെയർമാൻ എൻ.എസ്. പിള്ള, ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർ എസ് രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.
സമ്പൂർണ്ണ വൈദ്യുതീകരണം തുടർന്നും ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. ഉപഭോക്താക്കളുടെയും പൊതുജനത്തിന്റെയും പരാതികളും ആവശ്യങ്ങളും പരമാവധി പരിഹരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അദാലത്തുകൾ നടത്തുന്നത്.
മന്ത്രി എം.എം മണി