കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ പടിഞ്ഞാറു ഭാഗത്തെ ബസ് സ്റ്റോപ്പ് ബൈക്ക് സ്റ്റാൻഡായി മാറി. ബസിൽ നിന്നും യാത്രക്കാർക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ഇത് തടസമായി.
കോട്ടയം -കുമളി റോഡിലെ പ്രധാന സ്റ്റോപ്പായ ഇവിടെ നിന്നുമാണ് കോട്ടയം, ചങ്ങനാശേരി, തിരുവനന്തപുരം, എറണാകുളം, പൊൻകുന്നം ,പാലാ ഭാഗങ്ങളിലേക്ക് ബസിൽ കയറേണ്ടത്. ബസ് നിറുത്തുന്നതോടെ ബസിൽ കയറാനും ഇറങ്ങാനും യാത്രക്കാർ പരക്കം പായേണ്ട സ്ഥിതിയാണ്. വലിയ വാഹനങ്ങളും ഇവിടെ പാർക്കു ചെയ്യുക പതിവാണ്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റേയും ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.