രാമപുരം: കടുത്ത വേനലിൽ നാട് ഉരുകുമ്പോൾ വാട്ടർ അതോറിട്ടിയുടെ നിരുത്തരവാദപരമായ പ്രവർത്തനം മൂലം പൈപ്പ് പൊട്ടി നടുറോഡിൽ കുടിവെള്ളം പാഴാവുന്നു. വെള്ളം ഒഴുകുന്നതുമൂലം റോഡ് പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. രാമപുരം വട്ടുകുന്നേൽ ഇലക്ട്രിക്കൽ കടയുടെ മുൻവശത്തും, ആറാട്ടുപുഴ പാലത്തിന് സമീപവുമാണ് ജലം പാഴാവുന്നത്. ദിവസം ഒരുതവണയാണ് പൈപ്പ് തുറന്ന് വിടുന്നത്. തുറന്നുവിട്ടാൽ തന്നെ കണക്ഷൻ എടുത്തവർക്ക് ആവശ്യത്തിന് ജലം ലഭിക്കാറില്ല. റോഡിൽ ജലം പാഴാകുന്നത് കാരണം ആണ് ലഭിക്കാത്തതെന്ന് ഉപഭോക്താക്കൾ പറയുന്നു. വാട്ടർ അതോറിട്ടിയിൽ നിന്നും ഒരു ഓപ്പറേറ്ററെ താൽക്കാലികമായി പൈപ്പ് തുറന്ന് വിടാൻ നിയമിച്ചിട്ടുണ്ടങ്കിലും അറ്റകുറ്റ പണിക്ക് ആളെ നിയമിക്കാത്തത് കാരണമാണ് ജലം പാഴാവുന്നത്. വാഹനങ്ങൾ വേഗത്തിൽ പോവുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്. നാട്ടുകാരും വ്യാപാരികളും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.

 അടിയന്തിരമായി പൈപ്പ് റിപ്പയർ ചെയ്ത് റോഡിൽ കൂടി ജലം പാഴാകുന്നത് തടയാൻ നടപടി സ്വീകരിക്കണം. നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകും -- അഡ്വ. ബിജു പുന്നത്താനം, ഡി.സി.സി. വൈസ് പ്രസിഡന്റ്