കോട്ടയം: നല്ല കടൽ മീനുകൾ കഴിക്കണമെങ്കിൽ വൻവില കൊടുക്കേണ്ടി വരും. ക്രിസ്‌മസിനു ശേഷം, കുറയുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ട്രോളിംഗ് നിരോധന സമയത്ത് ഇരുന്നൂറു കടന്ന മത്തിവില, പിന്നെ അൽപം താഴേയ്‌ക്കിറങ്ങിയിരുന്നു. എന്നാൽ, വീണ്ടും ആകാശം മുട്ടുന്ന ഉയരത്തിൽ എത്തിയതോടെ ആശങ്കയിലാണ് വ്യാപാരികളും മത്സ്യവിഭവ പ്രേമികളും.
ക്രിസ്‌മസിനു ശേഷം മത്സ്യതൊഴിലാളികൾ സജീവമായി കടലിലേയ്‌ക്കിറങ്ങാത്തതാണ് വിപണിയിൽ മീനെത്താത്തതിന്റെ പ്രധാന കാരണമായി പറയുന്നത്. ആലപ്പുഴയിൽ നിന്നും എറണാകുളത്തെ തീര മേഖലയിൽ നിന്നുമാണ് ജില്ലയിൽ കൂടുതലും മീനെത്തുന്നത്. എല്ലാ ഇനം മീനുകൾക്കും ക്ഷാമം അനുഭവപ്പെടുന്നതായി വ്യാപാരികൾ പറയുന്നു. കേരള തീരങ്ങളിൽ നിന്നുള്ള മീൻ കുറഞ്ഞതോടെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്.
തമിഴ്‌നാട്ടിൽ നിന്നും ഫ്രീസറിൽ കയറി കടൽ മീനെത്തുന്നുണ്ടെങ്കിലും, അമോണിയ ചേർത്തതെന്ന പ്രചാരണം നിലനിൽക്കുന്നതിനാൽ പ്രിയം കുറവാണ്. പച്ചമീനിനു വില കൂടിയതോടെ ഉണക്കമീനിന്റെ വിലയെയും ബാധിച്ചിട്ടുണ്ട്.
വില വർദ്ധിച്ചതിനു പിന്നാലെ പ്ലാസ്റ്റിക്ക് നിരോധനവും മീൻ വിപണിയെ പിന്നോട്ടു വലിക്കുന്നുണ്ട്. പേപ്പറിലും തേക്കിലയിലും വരെ പൊതിഞ്ഞു കൊടുക്കുന്ന സ്ഥിതിയുണ്ടെങ്കിലും പലരും കടകളിൽനിന്ന് മീൻ വാങ്ങാൻ മടിക്കുകയാണ്.
മീൻ വില
മത്തി - 140 - 150
കിളിമീൻ - 180 -200
അയല - 240
തള , കേര - 360
ഒഴുവൽ - 200 - 210
വറ്റ - 450
കരിമീൻ - 450 - 500
മുരശ് - 200- 220
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വില കുറയും
മീൻ പിടുത്തക്കാർ കൂടുതലായി കടലിൽ പോകുന്ന സ്ഥിതി ഉണ്ടായാൽ തനിയെ മീനിന് വില കുറയും. രണ്ടാഴ്‌ചയെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഷറഫ്, മീൻ കച്ചവടക്കാരൻ
ചിക്കനും വില കുറവില്ല
ക്രിസ്‌മസിനു ശേഷം വിലകുറയുന്ന പതിവ് തെറ്റിച്ച് ചിക്കനും പറന്നു നിൽക്കുകയാണ്. 120 രൂപയാണ് ഇപ്പോൾ ഇറച്ചിക്കോഴിയുടെ വില. ക്രിസ്‌മസിനു ശേഷം 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ചൂടു കൂടിയതോടെ തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായി പറയുന്നത്.