fest

കോട്ടയം: റെയിൻ നേച്ചർ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ് ഉദ്ഘാടനം ചെയ്‌തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കേശവൻ, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി ബിന്ദു, എന്നിവർ പങ്കെടുത്തു. 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഫെസ്റ്റിവലിന് പ്രവേശനം സൗജന്യമായിരിക്കും.
ഇന്നലെ നടന്ന സംഘാടക സമിതി യോഗം ഫെസ്റ്റിവലിന് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കുമരകത്തെ ടൂറിസം മേഖലയുടെയും സഹകരണം ഉറപ്പാക്കി. ഫെസ്റ്റിവലിൽ എത്തുന്ന വിദേശ പ്രതിനിധികൾക്ക് നാലു ഹൗസ് ബോട്ടുകളിൽ താമസം ഒരുക്കിയിരിക്കുന്നത് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനാണ്. നാഗമ്പടം, ചെങ്ങളം, ബോട്ട് ജെട്ടി, കവണാറ്റിൻകര എന്നിവിടങ്ങളിലും ഫെസ്റ്റിവൽ വേദിയിലും കമാനങ്ങളും അലങ്കാര ദീപങ്ങളും വേമ്പനാട് ചേംബർ ഒഫ് കൊമേഴ്സിന്റെയും വിവിധ ബാങ്കുകളുടെയും സഹകരണത്തോടെ സ്ഥാപിക്കും. ഫെസ്റ്റിവലിന് എത്തുന്ന നൂറോളം വിദ്യാർത്ഥി പ്രതിനിധികൾക്കു കുമരകത്തെ വിവിധ ക്ലബുകളിലും റിസോർട്ടുകളിലും താമസം ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശാനുസരണം കുടുംബശ്രീയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഫെസ്റ്റിവൽ ദിവസം രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയുള്ള യാത്രകൾക്ക് പ്രതിനിധികൾക്ക് സൗജന്യമായി ഓട്ടോ ടാക്‌സി അസോസിയേഷൻ വാഹനം വിട്ടു നൽകും. ഫെസ്റ്റിവൽ ദിവസങ്ങളിൽ വൈകിട്ട് പ്രതിനിധികൾക്കായി കായലോരത്ത് നടത്തുന്ന ചലച്ചിത്ര പ്രദർശനത്തിനൊപ്പം, കേരള നടനവും ഭരതനാട്യവും അരങ്ങേറും. ഫെസ്റ്റിവലിന്റെ വിളംബരത്തിന്റെ ഭാഗമായി പ്രദേശവാസികൾക്കുള്ള വിളംബര യാത്ര 22 നും 23 നും നടക്കും.