iju

കോട്ടയം: വാഹന വായ്‌പ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 60,000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. നെടുമുടി ചമ്പക്കുളം പുതിയ മഠത്തിൽ ടോം ജോർജിനെ പറ്റിച്ച കേസിൽ പുതുപ്പള്ളി പരിയാരം പാലക്കുളത്ത് വീട്ടിൽ ഐജു മാത്യു (28)വിനെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

ഡിസംബർ 17 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇരുചക്ര വാഹനം വാങ്ങുന്നതിനായി ടോം ജോർജ് ഓ.എൽ.എക്‌സിൽ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് താൻ ജോലി ചെയ്യുന്ന ഭാരത് ഫിനാൻസ് ലിമിറ്റഡിൽ നിന്ന് വായ്പ നൽകാമെന്നു പറഞ്ഞ് ഐജു മാത്യു , ടോം ജോർജിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. രേഖകൾ പ്രകാരം വായ്പ ലഭിക്കുന്നതിനുള്ള സിബിൽ സ്‌കോർ കുറവാണെന്നും, ഇതു കൂട്ടുന്നതിനായി 70,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഐജു ടോമിനെ വിശ്വസിപ്പിച്ചു. ടോം 70,000 രൂപ നിക്ഷേപിക്കുകയും ചെയ്തു.

തുടർന്ന് ഐജു നിർദേശിച്ച പ്രകാരം രേഖകളും മൂന്നു ചെക്കും ടോം കൈമാറി. ഐജു പിന്നീട് ചെക്ക് ഉപയോഗിച്ച് 60,000 രൂപ അക്കൗണ്ടിൽ നിന്നു പിൻവലിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായതായി മനസിലായ ടോം ഐജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷണത്തിൽ പ്രതി കൈപ്പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് അറസ്റ്റു ചെയ്തത്.