കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംഗ്‌ഷനിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. വയല വാഴക്കാലാ കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയിൽ മഞ്ജു (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം.കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന ലോറി, മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിലേയ്ക്കു സ്‌കൂട്ടർ വീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഉപേക്ഷിച്ച് ഓടിരക്ഷപപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. കടപ്ലാമറ്റത്ത് ടാറിംഗ് തൊഴിലാളിയാണ് മരിച്ച ഹരി. ഭാര്യ: മിനി. മക്കൾ: ടിനു, ജിനേഷ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഹരിയുടെ സംസ്‌കാരം പിന്നീട്.