കോട്ടയം: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കോട്ടയം-കുമരകം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്നു പുനരാരംഭിക്കും. രാവിലെ ഒൻപതരയ്‌ക്കു ബേക്കർ ജംഗ്ഷനിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. 6.5 കോടി രൂപ മുടക്കിയാണ് കുമരകം റോഡ് നവീകരണം പൂർത്തിയാക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുമ്മൂട് പാലവും പുനർനവീകരിക്കും.
അഞ്ചു വർഷത്തിലേറെയായി കോട്ടയം ബേക്കർ ജംഗ്ഷൻ മുതലുള്ള കുമരകം റോഡിന്റെ നവീകരണത്തെപ്പറ്റി ചർച്ച നടക്കുന്നതാണ്. നിരവധി തവണ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങൾ നടത്തിയെങ്കിലും നവീകരണ പ്രവർത്തനങ്ങൾ ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. എല്ലായിടത്തും ഒരേ വീതിയിൽ റോഡ് ക്രമീകരിക്കാൻ സാധിച്ചിരുന്നില്ല. ഇതിനെല്ലാം പരിഹാരമായാണ് റോഡ് നവീകരണത്തിനായി വീണ്ടും തയ്യാറെടുക്കുന്നത്. റോഡ് ടാറിംഗ് പൂർത്തിയാകുന്നതോടെ കോട്ടയം - കുമരകം യാത്ര ഏറെ സുഖകരമാകും. വിദേശ - ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തുന്ന കുമരത്തേയ്‌ക്കുള്ള യാത്ര ഇനി സുഗമമാകുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടേയ്‌ക്കു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷ
ബേക്കർ ജംഗ്ഷനിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ് കുമരകം റോഡിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. നവീകരണം പൂർത്തിയാകുന്നതോടെ കുരുക്കഴിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബേക്കർ കവല മുതൽ താഴത്തങ്ങാടി വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഈ ഭാഗം ഉപയോഗപ്പെടുത്തി ടാർ ചെയ്യുന്ന ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. ആലുമ്മൂട് ഭാഗത്തെ പാലം വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും നവീകരിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ ഇതും നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവീകരണം അതിവേഗം
നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മണ്ഡലത്തിന്റെ വികസന പദ്ധതികൾക്ക് പുതുജീവൻ നൽകുന്നതിന്റെ ഭാഗമായാണ് കുമരകം റോഡ് നവീകരണവും.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
എം.എൽ.എ