30 ദിവസത്തിനുള്ളിൽ ഒ.പി പുതിയ കെട്ടിടത്തിൽ

പാലാ: കാത്തിരിപ്പിനൊടുവിൽ ആധുനിക സൗകര്യങ്ങളുമായി പാലാ ജനറൽ ആശുപത്രിയിലെ പുതിയ മന്ദിരം പ്രവർത്തനസജ്ജമാകുന്നു. ഏഴു നില മന്ദിരത്തിലെ ഒന്നും രണ്ടും നിലകളിലായി ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരി അവസാനവാരത്തോടെ തുടങ്ങും. കാത്ത് ലാബും മറ്റു സൗകര്യങ്ങളും കൂടി നിലവിൽവരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള ജനറൽ ആശുപത്രിയായും പാലാ ജനറൽ ആശുപത്രി മാറും.

ഏഴു നിലകളുള്ള ഒ.പി. ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും, 6 നിലകളുള്ള 10 കോടി ചിലവഴിച്ചുള്ള ഡയഗണോസ്റ്റിക്ക് ബ്ലോക്കും,8 കോടി ചിലവിൽ 3 നിലകളുള്ള കാത്ത് ലാബ് ആന്റ് ഡയാലിസിസ് യൂണിറ്റ് ബ്ലോക്കും പൂർത്തിയായിക്കഴിഞ്ഞു. ഇവിടേയ്ക്കുള്ള ഉപകരണങ്ങൾ എത്തിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഫിസിയോ തെറാപ്പി യൂണിറ്റിനു വേണ്ട 70 ലക്ഷത്തിൽപ്പരം രൂപയുടെ ഉപകരണങ്ങളും, ദന്തൽ വിഭാഗത്തിലേക്കുള്ള 10 ലക്ഷത്തിൽപ്പരം രൂപയുടെ ചെയറും ഏറ്റവും ഒടുവിലായി ഇന്നലെയെത്തി. പുതിയ ഒ.പി. ബ്ലോക്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 80 കിടക്കകളും അത്യാഹിത വിഭാഗത്തിലേക്കായി 10 കിടക്കകളും തയാറായിക്കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ലിഫ്റ്റിന്റെ പ്രവർത്തനവും സജ്ജമാകും. പുതിയ ഒ.പി. വിഭാഗത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് അത്യാഹിതവിഭാഗം തയാറാക്കുന്നത്.

35 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കാണ് കെ. എം. മാണി തുടക്കം കുറിച്ചത്. ആശുപത്രി ഉപകരണങ്ങൾക്കും ഫർണ്ണിച്ചറുകൾക്കും മറ്റുമായി ഇനിയും കോടികൾ വേണം. മാണി.സി.കാപ്പൻ എം.എൽ.എ മുഖാന്തിരം ലഭിച്ച നിവേദനം പരിഗണിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇതിനു ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

ശസ്ത്രക്രിയാ വാർഡുകൾ

പുതിയ മന്ദിരത്തിലേക്ക് ചികിത്സാ സംവിധാനങ്ങളും കിടക്കകളും മാറ്റുന്നതോടെ നിലവിലെ വാർഡുകൾ പൂർണ്ണമായും ശസ്ത്രക്രിയാ വാർഡുകളാക്കി മാറ്റുമെന്ന് ആർ.എം.ഒ ഡോ.അനീഷ്.കെ.ഭദ്രൻ പറഞ്ഞു. നിലവിലെ ഫാർമസിയും വിപുലീകരിക്കും.

ഒരേ സമയം 5 ശസ്ത്രക്രിയ വരെ നടത്താം

 ഒരേ സമയം 10 പേർക്ക് ഡയാലിസിസ് നടത്താം