അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്ന് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 7.30നാണ് വലിയപള്ളിയിലെ പ്രധാന മദ്ബഹയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുസ്വരൂപം പുറത്തെടുക്കുന്നത്. പരമ്പരാഗതമായ ആഭരണങ്ങൾ ചാർത്തിയശേഷം മോണ്ടളത്തിലേക്ക് എഴുന്നള്ളിച്ച് പ്രത്യേകരൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. തിരുനാൾ അവസരത്തിൽ മാത്രം പരസ്യ വണക്കത്തിനായി പുറത്തെടുക്കുന്ന തിരുസ്വരൂപം ദർശിക്കുന്നതിനും വിശുദ്ധനെ വണങ്ങുന്നതിനുമായി വിവിധ ദേശങ്ങളിൽ നിന്ന് ആയിരങ്ങളെത്തും. രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചാലുടൻ ഭക്തർ സ്വർണാഭരണങ്ങൾ, ഏലക്കാമാല, നെൽക്കതിർ, കാർഷികോത്പന്നങ്ങൾ തുടങ്ങിയവ രൂപത്തിങ്കൽ അർപ്പിക്കും. 7.45 ന് തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് ചെറിയപള്ളിയിലേക്കുള്ള പ്രദക്ഷിണം ആരംഭിക്കും. തുടർന്ന് ഇത് ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രിവരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ പ്രധാന തിരുനാൾ കർമങ്ങളും ചെറിയപള്ളിയിൽ നടക്കും.
ദേശക്കഴുന്ന് ഇന്ന് മുതൽ
അതിരമ്പുഴയെ 4 ദേശങ്ങളായി തിരിച്ച് ഓരോ ദേശത്തുനിന്നും ഓരോദിവസം കഴുന്ന് എഴുന്നള്ളിക്കും. ഇന്നുമുതൽ 23 വരെ യഥാക്രമം തെക്കുംഭാഗം, കിഴക്കുംഭാഗം, വടക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം ദേശക്കഴുന്നുകളാണ് നടക്കുന്നത്. രാവിലെ 5.45ന് ഓരോ ദേശത്തിന്റെയും തിരുനാൾ കുർബാന നടക്കും. തുടർന്ന് കഴുന്നുകൾ ഏറ്റുവാങ്ങുന്ന ഭക്തജനങ്ങൾ അവ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രതിഷ്ഠിച്ച് ഒരുദിവസം പ്രാർത്ഥനാദിനമായി ആചരിക്കും. വൈകിട്ട് 5ന് അതത് ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴുന്നുകളും സംവഹിച്ച് ആരംഭിക്കുന്ന ചെറു പ്രദക്ഷിണങ്ങൾ വിവിധയിടങ്ങളിൽ സംഗമിച്ച് രാത്രി 7.30ന് ചെറിയപള്ളിയിൽ സമാപിക്കും. തുടർന്ന് എട്ടിന് കലാപരിപാടികൾ ആരംഭിക്കും. ഇന്ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ കലാസന്ധ്യ, നാളെ കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള, 22ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള, 23ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള, 25 ന് രാത്രി 8ന് കേരള കലാലയം കുറുമുള്ളൂർ ബ്രദേഴ്‌സിന്റെ ശിങ്കാരിമേളം എന്നിവയാണ് കലാപരിപാടികൾ.